KeralaTop News

MSC എൽസ ചരക്ക് കപ്പൽ മുങ്ങിയ സംഭവം; കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സർക്കാർ

Spread the love

കൊച്ചി തീരത്തിനോട് ചേർന്ന് MSC എൽസ ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ. കഴിഞ്ഞ മാസം 25ന് MSC എൽസ എന്ന കപ്പൽ മറിഞ്ഞ് നാലാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥനും കൂടിക്കാഴ്ച നടത്തിയത്. കപ്പൽ കമ്പനിക്കെതിരെ ഉടൻ കേസ് എടുക്കേണ്ടതില്ല എന്നതാണ് കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനം.കപ്പലുണ്ടാക്കിയ നാശനഷ്ടങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിൽ നിലവിൽ പ്രാധാന്യം നൽകണമെന്നും ഇത് ഇൻഷുറൻസ് ക്ലൈയ്മിന് സഹായകരമാകുമെന്നും തീരുമാനിച്ചു.

ഡെപ്യൂട്ടി നോട്ടിക്കൽ അഡ്വൈസർ ക്യാപ്റ്റൻ അനീഷ് ജോസഫിനെ നഷ്ടപരിഹാര ക്ലൈമുകൾ ഫയൽ ചെയ്യുന്നതിൽ സർക്കാരിനെ സഹായിക്കാൻ നിയോഗിച്ചതായി ഷിപ്പിംഗ് ഡയറക്ടർ ജനറൽ അറിയിച്ചു. കപ്പലിലെ എണ്ണ വേർതിരിച്ചെടുക്കുന്നത് വരെ കപ്പലിന്റെ 20 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം അനുവദിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.

MSC കപ്പൽ കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി അടുത്ത ബന്ധം ഉണ്ടെന്നും യോഗവുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിൽ പരാമർശിക്കുന്നു.ക്രിമിനൽ കേസിലേക്ക് എത്തിക്കാതെ ഇൻഷുറൻസ് ക്ലെയിം വഴി പരിഹാരം കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്.സംസ്ഥാനത്തിന് നഷ്ടങ്ങൾ ഉണ്ടായത് ക്ലെയിം ചെയ്തു വാങ്ങാനുള്ള നടപടികളാണ് സംസ്ഥാന സ്വീകരിച്ചതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

കപ്പലിലെ എണ്ണ ചോർച്ച തടയാൻ ദൗത്യം ആരംഭിച്ചു.12 അംഗ മുങ്ങൽ വിദഗ്ധരാണ് ദൗത്യ സംഘത്തിലുള്ളത്.