KeralaTop News

15കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് LDFഉം KSEB ഓഫീസിലേക്ക് UDFഉം മർച്ച് നടത്തും

Spread the love

നിലമ്പൂർ വെള്ളക്കെട്ടയിൽ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചതിൽ രാഷ്ട്രീയ പോര് മുറുകുന്നു. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫും കെ എസ് ഇ ബി ഓഫീസിലേക്ക് യു ഡി എഫും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്കാണ് ഇരു മാർച്ചുകളും നടക്കുക. മരിച്ച അനന്തുവിന്റെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിക്കും.

പന്നികളെ പിടികൂടുന്നതിൽ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന് വീഴ്ചയുണ്ടെന്നാണ് എൽഡിഎഫ് ആരോപണം. 15 കാരൻ ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബിയ്ക്ക് അനാസ്ഥയുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബി ജെ പി നിലമ്പൂർ വനം ഡിവിഷൻ ഓഫീസിലേക്ക് ഇന്ന് നടത്തുന്ന മാർച്ച് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

രാവിലെ 10 30 ഓടെയാണ് വി ഡി സതീശൻ വെള്ളക്കെട്ടയിലെ വീട്ടിലെത്തുക. ബാലാവകാശ കമ്മിഷൻ ചെയർപേഴ്സണും വീട് സന്ദർശിക്കും. പ്രതി വിനീഷ് അറസ്റ്റിലായെങ്കിലും കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിനാൽ കൂടുതൽ പേരുടെ ചോദ്യം ചെയ്യൽ ഉണ്ടാകും. സംഭവത്തിൽ ഏതെങ്കിലും രീതിയിലുള്ള ഗൂഢാലോചന നടന്നോ എന്നതടക്കം അന്വേഷിക്കും.