പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; ‘ ഗൂഢാലോചനയുണ്ടെങ്കില്‍ മന്ത്രി തെളിയിക്കണം’; സണ്ണി ജോസഫ്
നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വനം മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്നും ക്രൂരതയെന്നും മനുഷ്യത്വ രഹിതമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മന്ത്രി അത് തെളിയിക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ വകുപ്പ് ദയനീയമായ പരാജയമാണ്. വന്യമൃഗ ശല്യം കേരളത്തിലെ ഒരു പൊതുപ്രശ്‌നമായി മാറിയിട്ടുണ്ട്. അവസാനം മുഖ്യമന്ത്രി ഇടപെടാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പത്ത് തവണയെങ്കിലും വിഷയം ഞാന്‍ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. തീര്‍ത്തും നിഷ്‌ക്രിയമായാണ് മന്ത്രി ആ വകുപ്പിനെ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പരാജയമാണ് പലവിഷയങ്ങളുടെയും കാരണം. എന്തുകൊണ്ടാണ് ആളുകള്‍ വൈദ്യുതി കെണി വെക്കാന്‍ നിര്‍ബന്ധിതരാകുന്നത്. വന്യമൃഗ ശല്യം രൂക്ഷമാകുന്നത് കൊണ്ടാണ്. സ്വന്തം വകുപ്പിന്റെ പരാജയം മറ്റുള്ളവരില്‍ പഴിചാരാന്‍ ശ്രമിക്കുകയാണ്. അത് അടിസ്ഥാന രഹിതമാണ്. അത് തെളിയിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ് – അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ മരണത്തില്‍ ഗവണ്‍മെന്റാണ് ഉത്തരവാദിയെന്നും അതില്‍ നിന്ന് രക്ഷപെടാനാണ് രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതില്‍ ഗുരുതര ആരോപണമാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നയിച്ചത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു. നിലമ്പൂരില്‍ വിവരം അറിയും മുന്‍പ് മലപ്പുറത്തു യുഡിഎഫ് പ്രകടനം നടത്തി. വനംവകുപ്പിനെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നുവെന്നും ,ഗൂഢാലോചന പൊലീസ് അന്വേഷിക്കുമെന്നുമാണ് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞത്.