NationalTop News

അനന്തു മലയോര കർഷകർക്കിടയിലെ രക്തസാക്ഷി; അപകടത്തിന് കാരണം അനാസ്ഥ’; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

Spread the love

മലയോര കർഷകർക്കിടയിലെ രക്തസാക്ഷിയാണ് നിലമ്പൂരിൽ ഷോക്കേറ്റ് മരിച്ച കുട്ടിയെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. അനാസ്ഥയാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. കേന്ദ്ര സർക്കാർ വേണ്ട നിർദ്ദേശങ്ങൾ നൽകി. നിർദേശങ്ങൾ പാലിക്കാതെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുകയാണ്. കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി വേണമെന്നും ജോർജ് കുര്യൻ പറഞ്ഞു.

പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ചേരിതിരിഞ്ഞ് ഭരണ -പ്രതിപക്ഷ പാർട്ടികൾ. ഉപതെരഞ്ഞെടുപ്പ് സമയത്തെ ദാരുണ സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്ന് സിപിഐഎമ്മും വനം മന്ത്രിയും ആവശ്യപ്പെട്ടു. വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. വീഴ്ച സംഭവിച്ചത് പഞ്ചായത്തിനാണെന്ന് ആരോപിച്ച്, വഴിക്കടവ് പഞ്ചായത്തിലേക്ക് നാളെ എൽഡിഎഫ് പ്രതിഷേധമാർച്ച് നടത്തും.

അതേസമയം അനന്തു ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി അലവിക്കാണ് അന്വേഷണ ചുമതല. കാട്ടുപന്നിയെ പിടിക്കാൻ വൈദ്യുതിക്കെണി വച്ചത് താനെന്ന് പ്രതി വിനീഷ് പൊലീസിനോട് സമ്മതിച്ചു. ഇയാളെ നിലമ്പൂർ കോടതിയിൽ ഉടൻ ഹാജരാക്കും. മൃഗത്തെ വേട്ടയാടിയതുകൊണ്ട് വനം വകുപ്പും പ്രത്യേകം കേസെടുക്കും.