കണ്ണൂരിൽ സ്കൂളുകൾ പൂട്ടിയ സംഭവം; സർക്കാർ അറിയാതെ ഒരു സ്കൂളുകളും പൂട്ടാൻ കഴിയില്ല, കാരണം പരിശോധിക്കും; മന്ത്രി വി ശിവൻകുട്ടി
കണ്ണൂർ ജില്ലയിൽ ആറ് വർഷത്തിനിടെ എട്ട് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന ട്വന്റി ഫോർ വാർത്തയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.സർക്കാർ അറിയാതെ ഒരു സ്കൂളുകളും പൂട്ടില്ലെന്നും കണ്ണൂരിലെ വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതിന്റെ കാരണം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ ജില്ലയിലെ എട്ട് എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടിയ വാർത്ത ട്വിന്റി ഫോർ ഇന്നലെയാണ് പുറത്തുവിട്ടത്. അതിൽ മൂന്ന് എണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്. വിദ്യാർഥികൾ ഇല്ലാത്തതാണ് എട്ട് സ്കൂളുകളുടെ അടച്ചുപൂട്ടലിനും കാരണം. എന്നാൽ വിദ്യാലങ്ങൾക്ക് താഴ് വീണതിൽ മാനേജ്മെന്റിന്റെ അലംബാവമാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതിൽ കൃത്യമായി പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സർക്കാർ അറിയാതെയാണ് സ്കൂളുകൾ പൂട്ടിയതെങ്കിൽ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. എട്ട് വിദ്യാലയങ്ങൾ എന്നത് കണ്ണൂർ ജില്ലയിലെ മാത്രം കണക്കാണ്. എയ്ഡഡ് സ്കൂളുകൾക്ക് പൂട്ട് വീഴുന്നതിൽ സംസ്ഥാന തല പരിശോധന ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
