KeralaTop News

വിങ്ങലായി അനന്തു; കണ്ണീരോടെ വിടനൽകി നാട്

Spread the love

നിലമ്പൂർ വെള്ളക്കെട്ടയിൽ ഷോക്കേറ്റ് മരിച്ച പതിനഞ്ചുകാരൻ അനന്തുവിന് കണ്ണീരോടെ നാട് വിടനൽകുകയാണ്. വീടിന് സമീപത്തെ കുട്ടിക്കുന്ന് ശ്മശാനത്തിലാണ് സംസ്കാരം. പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് ഒഴുകിയെത്തിയത്. സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. തുടർന്നായിരുന്നു സംസ്കാരം.

അനന്തുവിന്റെ മരണം വൈദ്യുതി ആഘാതമേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ മുറിവുകളുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടി. സംഭവത്തില്‍ അറസ്റ്റിലായ പ്രതി വിനീഷ് കുറ്റം സമ്മതിച്ചെന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം പറഞ്ഞു.വീടിന് സമീപത്തെ വനത്തിലൂടെ പിന്തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

അതേസമയം, അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന ആരോപണം ഉൾപ്പെടെ അന്വേഷിക്കും. വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ വാദത്തെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി.

മീൻപിടിക്കാനായി സമീപത്തെ തോട്ടിൽ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് സുഹൃത്തുക്കൾക്കും ഇന്നലെ ഷോക്കേറ്റത്. കെഎസ്ഇബി വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കണക്ഷൻ കൊടുത്തിരുന്ന അനധികൃത ഫെൻസിംഗിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റിരുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോ​ഗ്യനില തൃപ്തികരമാണ്.