‘രാഹുൽ ഗാന്ധിയും കോൺഗ്രസും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണി’; ബിജെപി
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ ബി.ജെ.പി കടുത്ത വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണിയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും എന്ന് ബി.ജെ.പി ആരോപിച്ചു.തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെടുന്നത്, രാഹുൽ ഗാന്ധിക്ക് പാർട്ടിയെ നയിക്കാൻ കഴിയാത്തതിന്റെ തെളിവാണെന്നും ബി.ജെ.പി അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ നിരന്തരമായ ആരോപണങ്ങൾ വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന വിമർശനം ഉന്നയിച്ചപ്പോൾ ബി.ജെ.പിയും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി.
രാഹുൽ ഗാന്ധി പരാജയങ്ങളുടെ കാലാവസ്ഥ നിരീക്ഷകനാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് വിമർശിച്ചു. സ്വന്തം പരാജയം രാഹുൽ ഗാന്ധി തന്നെ പ്രവചിക്കുകയാണ് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ പഴിക്കുന്നുവെന്ന് ബിജെപി നേതാവ് സി.ആർ. കേശവൻ ആരോപിച്ചു.
അതേസമയം, താൻ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് പിന്മാറില്ല എന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. രാഹുലിനെ പിന്തുണച്ചും ബി.ജെ.പിക്കെതിരെ കനത്ത വിമർശനവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.