‘ഭാരതാംബ വിഷയം ചർച്ചയാക്കേണ്ട ആവശ്യമില്ല; സ്വന്തം അമ്മയെ ആരെങ്കിലും ചർച്ചയാക്കുമോ?’ ഗവർണർ
ഭാരതാംബ വിഷയം ചർച്ചയാക്കേണ്ട ആവശ്യമില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സ്വന്തം അമ്മയെ ആരെങ്കിലും ചർച്ചയാക്കുമോയെന്നും ഗവർണർ ചോദിച്ചു. ഭാരത് മാതാ എന്ന് പറയാത്തവർ പോലും ഭാരത് മാതാ കീ ജയ് വിളിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. നെടുമങ്ങാട് വെച്ച് നടന്ന പൊതു പരിപാടിയിലാണ് ഗവർണറുടെ പരാമർശം.
ദേശീയ പതാകഉയർത്തി ഭാരത് മാതാ കി ജയ് വിളിച്ച് ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കൾ വൃക്ഷത്തൈ നട്ടിരുന്നു. അതേസമയം ഭാരത് മാതാ ജയ് വിളിച്ച് ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ സിപിഐയെ തള്ളി സിപിഐഎം രംഗത്ത് വരില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തിൽ സിപിഐഎമ്മുമായി സിപിഐ ഇപ്പോൾ ചർച്ചക്കില്ല. സിപിഐ നിലപാടിനെ ഗോവിന്ദൻ മാഷ് തള്ളിപ്പറയുമെന്ന് കരുതുന്നില്ല. വിഷയത്തിൽ മന്ത്രിമാരെല്ലാം പ്രതികരിച്ചു കഴിഞ്ഞുവെന്നും ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ അത് ദുരുദ്ദേശപരമാണ്. ഇരു പാർട്ടികളും തമ്മിൽ വ്യത്യസ്ത അഭിപ്രായമില്ലെന്നും സിപിഐയിൽ വിഭാഗീയതയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
