അവന്റെ സ്മാരകം അവന് വാങ്ങിയ സ്ഥലത്ത്; ബെംഗളൂരു അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മകൻ്റെ ശവകുടീരത്തിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അച്ഛൻ
തിക്കിലും തിരക്കിലും മരിച്ച 21 വയസ്സുള്ള ഭൂമിക് ലക്ഷ്മണന്റെ അച്ഛൻ ബി ടി ലക്ഷ്മൺ, ഹാസൻ ജില്ലയിലെ അവരുടെ ജന്മഗ്രാമത്തിൽ മകന്റെ ശവകുടീരത്തിനരികിൽ വിലപിക്കുന്നത് വിഡിയോയിൽ കാണാം. “എന്റെ മകന് സംഭവിച്ചത് ആർക്കും സംഭവിക്കരുത്, ഞാൻ അവനുവേണ്ടി വാങ്ങിയ സ്ഥലത്താണ് അവന്റെ സ്മാരകം പണിതിരിക്കുന്നത്.” എന്നാണ് അദ്ദേഹം നിലവിളിച്ചുകൊണ്ട് പറയുന്നത്. അവിടെ നിന്നും മാറാൻ കൂട്ടാക്കാതെ അദ്ദേഹത്തെ രണ്ടു പേർ താങ്ങി കൊണ്ട് പോകുന്നതും വിഡിയോയിൽ കാണാം.”ഞാൻ നേരിടുന്നത് ഒരു അച്ഛനും നേരിടേണ്ടി വരരുത്,” എന്നും അദ്ദേഹം പറയുന്നുണ്ട്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 11 പേരാണ് മരിച്ചത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 21 വയസ്സുള്ള ഭൂമിക് ലക്ഷ്മണിന്റെ പിതാവ് ബിടി ലക്ഷ്മണന്റെ വൈകാരിക വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയിൽ, മകന്റെ ശവകുടീരം കെട്ടിപ്പിടിച്ച് ബിടി ലക്ഷ്മൺ കരയുന്നത് കാണാം. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
“എനിക്ക് ഒരു മകനേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ എനിക്ക് അവനെ നഷ്ടപ്പെട്ടു. ദയവായി അവന്റെ മൃതദേഹം എനിക്ക് തരൂ, പോസ്റ്റ്‌മോർട്ടം നടത്തി അവന്റെ മൃതദേഹം കഷണങ്ങളാക്കരുത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഞങ്ങളെ (ദുരന്തത്തിന്റെ ഇരകളെ) സന്ദർശിച്ചേക്കാം, പക്ഷേ അവർക്ക് അവനെ തിരികെ കൊണ്ടുവരാൻ കഴിയില്ല,” അദ്ദേഹം കണ്ണീരോടെ പറഞ്ഞു.
18 വർഷത്തെ കാത്തിരിപ്പിന് ശേഷം ഐപിഎൽ കിരീടം നേടിയ ആർസിബി കളിക്കാരെ ഒരു നോക്ക് കാണാൻ ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകളിൽ അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഭൂമിക് ഉണ്ടായിരുന്നു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 14 വയസ്സുള്ള ഒരു പെൺകുട്ടിയുൾപ്പെടെ 11 പേരിൽ ഒരാളായിരുന്നു അദ്ദേഹം.