NationalTop News

‘അല്ലാഹുവിനായി എന്നെ ബലി അർപ്പിക്കുന്നു’; ബക്രീദ് ദിനത്തിൽ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി അറുപതുകാരൻ

Spread the love

ഉത്തർപ്രദേശിൽ 60 വയസ്സുള്ള ഒരാൾ ബക്രീദ് ദിനത്തിൽ ആത്മഹത്യ ചെയ്തു. അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു എന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ. ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ശനിയാഴ്ച രാവിലെ വീടിന് സമീപമുള്ള കുടിലിനുള്ളിൽ വെച്ച് കത്തിയെടുത്ത് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

‘ഒരാൾ ആടിനെ സ്വന്തം കുട്ടിയെപ്പോലെ വളർത്തുകയും പിന്നീട് ബലി നൽകുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മൾ സ്വയം ബലി അർപ്പിക്കണം. ഞാൻ അല്ലാഹുവിന്‍റെ ദൂതന്‍റെ നാമത്തിൽ എന്നെത്തന്നെ ബലി അർപ്പിക്കുന്നു” – ആത്മഹത്യക്കുറിപ്പിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്.

പെരുന്നാൾ നമസ്കാരം കഴിഞ്ഞ് രാവിലെ 10 മണിയോടെ സുൽത്താൻ സയ്യിദ് മഖ്ദൂം അഷ്റഫ് ഷായുടെ ദർഗയിൽ നിന്ന് അൻസാരി തിരിച്ചെത്തിയതാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വീട്ടിലേക്ക് മടങ്ങിയതിന് ശേഷം അൻസാരി നേരെ വീടിനടുത്തുള്ള കുടിലിലേക്ക് പോയെന്നും അദ്ദേഹത്തിന്റെ ഭാര്യ ഹജ്‌റ ഖാത്തൂൺ പിടിഐയോട് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ അൻസാരി സ്വയം മുറിവേൽപ്പിച്ചതാണെന്നാണ് വ്യക്തമാകുന്നതെന്നും തുടര്‍ അന്വേഷണം നടത്തുമെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അരവിന്ദ് കുമാർ വർമ്മ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.