KeralaTop News

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സർക്കാർ സ്പോൺസേഡ് മർഡറെന്ന് ആര്യാടന്‍ ഷൗക്കത്ത്, കോൺഗ്രസ് പ്രതിഷേധം നാടകമെന്ന് എ വിജയരാഘവൻ

Spread the love

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ആവശ്യപ്പെട്ടു.

സംഭവ സ്ഥലത്തേയ്ക്ക് എത്തിയ സിപിഐഎം നേതാവ് എ വിജയരാഘവന്റെ വാഹനം യുഡിഎഫ് നേതാക്കള്‍ തടഞ്ഞു. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയരാഘവനെ തടഞ്ഞത്. കോണ്‍ഗ്രസ് കാണിക്കുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയമെന്നായിരുന്നു ഇതിനോട് വിജയരാഘവന്‍ പ്രതികരിച്ചത്. അപകടത്തെ രാഷ്ട്രീയമായി കാണുന്നത് രാഷ്ട്രീയപാപ്പരത്വമാണ്. രാഷ്രീയ മുതലെടുപ്പിന് വേണ്ടി നിലവാരം കുറഞ്ഞ നിലപാടുകള്‍ സ്വീകരിക്കുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.

ഇന്ന് വൈകിട്ടോടെയായിരുന്നു വഴിക്കടവില്‍ ഷോക്കേറ്റ് പതിനഞ്ചുകാരനായ അനന്തു (ജിത്തു) മരിച്ചത്. ജിത്തുവിനൊപ്പം മീന്‍ പിടിക്കാന്‍ പോയ യദുകൃഷ്ണന്‍ (23), ഷാനു വിജയ് (17) എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. . അനധികൃത ഫെന്‍സിംഗില്‍ നിന്ന് ഷോക്കേറ്റതാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കി.