ബെംഗളൂരു അപകടം: ഉത്തരവാദിത്വം പൊലീസിന്റെയും ആര്‍സിബിയുടെയും ഇവന്റ് മാനേജ്‌മെന്റിന്റെയും തലയില്‍ കെട്ടിവച്ച് സര്‍ക്കാര്‍
ഐപിഎല്‍ വിജായാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം പൊലീസിന്റെയും ആര്‍സിബിയുടെയും ഇവന്റ് മാനേജ്‌മെന്റിന്റെയും തലയില്‍ കെട്ടിവച്ച് സര്‍ക്കാര്‍. ആഘോഷപരിപാടികള്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ല എന്ന് രേഖമൂലം കമ്മീഷണര്‍ ആര്‍സിബി സിഇഒയെ അറിയിച്ചില്ലെന്നാണ് ആരോപണം.
പൊലീസിന് ഗുരുതര വീഴ്ചയുണ്ടായി. ആര്‍സിബി ആഘോഷപരിപാടികള്‍ക്ക് അനുമതി തേടിയിരുന്നു. എന്നാല്‍ അനുമതി നല്‍കാന്‍ കഴിയില്ല എന്ന് രേഖമൂലം കമ്മീഷണര്‍ ആര്‍സിബി സിഇഒയെ അറിയിച്ചില്ല. സാഹചര്യം കൈവിട്ട് പോകുമെന്ന് കണ്ടിട്ടും പൊലീസ് ജനങ്ങള്‍ക്ക് വേണ്ട മുന്നറിയിപ്പ് നല്‍കിയില്ല. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചില്ല – തുടങ്ങിയ ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്.
ടിക്കറ്റ് ഇല്ലാതെ ആളുകളെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചുവെന്നും പാസ് വിതരണം കാര്യക്ഷമമായില്ലെന്നും ആരോപണമുണ്ട്.
അതേസമയം, സര്‍ക്കാര്‍ രക്ഷപെടാന്‍ ശ്രമിക്കുന്നു എന്ന് ബിജെപി ആരോപിച്ചു. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് എതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. എല്ലാം അറിഞ്ഞിട്ടും കപ്പില്‍ മുത്തം നല്‍കി ഫോട്ടോ എടുക്കാന്‍ ആണ് ഡികെ ശ്രമിച്ചത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായ ഭിന്നത ആണ് അപകടത്തിലേക്ക് നയിച്ചത് എന്നും ബിജെപി പറയുന്നു.