KeralaTop News

മുകേഷ്.എം.നായരെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചത് പശ്ചാത്തലം അറിയാതെ’; മാപ്പ് ചോദിച്ച് സംഘാടകർ

Spread the love

പോക്സോ കേസ് പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയതിൽ മാപ്പ് ചോദിച്ച് സംഘാടകർ. പോക്സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്ലോഗർ മുകേഷ് എം നായരെ ചടങ്ങിൽ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കുന്നു.ഖേദം പ്രകടിപ്പിച്ച് സ്കൂൾ അധികൃതർക്ക് സംഘാടകർ കത്തയച്ചു. സ്കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകർ കത്തിൽ വ്യക്തമാക്കുന്നു.

പോക്സോ കേസ്‌ പ്രതി സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വിശദീകരണം തേടിയിരുന്നു. തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലാണ് പോക്സോ കേസ് പ്രതിയായ മുകേഷ് എം നായർ മുഖ്യാതിഥിയായി എത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

റീൽസ് ഷൂട്ടിം​ഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈം​ഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ. മുകേഷിനെതീരെ കോവളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്തത്.

പോക്സോ കേസ് പ്രതികളായ അധ്യാപകർക്ക് എതിരെ കർശന നടപടി എടുക്കാൻ സർക്കാർ കഴിഞ്ഞ ദിവസം ഉത്തവിട്ടിരുന്നു. ഇതേ ദിവസം തന്നെയാണ് അതിഥിയായി പോക്സോ പ്രതി എത്തുന്നത്. തുടര്‍ന്നാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.