‘പ്രതിരോധിക്കാൻ വന്നത് റിയാസ് മാത്രം’, സിപിഎമ്മിൽ പിണറായി ഒറ്റപ്പെടുന്നതിൻ്റെ സൂചനയെന്ന് കെ മുരളീധരൻ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് പതിനായിരം വോട്ട് ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അൻവർ എന്ത് ചെയ്യുന്നുവെന്ന് യുഡിഎഫ് ചിന്തിക്കുന്നില്ല. മുസ്ലിം ലീഗ് ഞങ്ങളുടെ ഒപ്പം തന്നെയുണ്ട്. അതിൽ തർക്കം വേണ്ട. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഇന്നലെ കെസി വേണുഗോപാൽ ഒരു കാര്യം പറഞ്ഞപ്പോൾ പ്രതിരോധിക്കാനായി സിപിഎമ്മിൽ നിന്ന് സംസാരിച്ചത് മരുമകൻ റിയാസ് മാത്രമാണ്. അതിനർത്ഥം സിപിഎമ്മിൽ പിണറായി വിജയൻ ഒറ്റപ്പെടുന്നു എന്നാണ്. എൽഡിഎഫിലും മുഖ്യമന്ത്രി ഒറ്റപ്പെടുകയാണ്. എംവി ഗോവിന്ദൻ മാഷോ, എംഎ ബേബിയോ പിണറായിയുടെ ചതിയെ കുറിച്ചുള്ള കെസി വേണുഗോപാലിൻ്റെ പരാമർശത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.
