താരങ്ങളാണെന്ന ബലത്തില്‍ കാടടച്ച് വെടിവെക്കരുത്’; സര്‍ക്കാരിനെ വിമര്‍ശിച്ച പാര്‍വതിയോട് വിധു വിന്‍സന്റ്
ഹേമ കമ്മിറ്റി ‘റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാത്തതില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായികയും ഡബ്ല്യുസിസി മുന്‍ അംഗവുമായ വിധു വിന്‍സന്റ്. താരങ്ങളാണെന്ന ബലത്തില്‍ കാടടച്ച് വെടിവെക്കരുത് എന്നും വസ്തുതകള്‍ മനസിലാക്കിയിട്ട് വേണം വിമര്‍ശിക്കാനെന്നും വിധു വിന്‍സന്റ് പറഞ്ഞു. പാര്‍വതിയെ പോലെ തിരിച്ചറിവുള്ള സ്ത്രീകളില്‍ നിന്നും കേരളം അതാണ് പ്രതീക്ഷിക്കുന്നത് എന്നും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തില്‍ വിധു വിന്‍സന്റ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേവലം കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ വിപുലവും ദീര്‍ഘകാലാടിസ്ഥാനത്തിലും ഉള്ള ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. സിനിമാ വ്യവസായത്തിന്റെ അടിസ്ഥാന ഘടനയിലും പ്രവര്‍ത്തന രീതിയിലും മാറ്റം കൊണ്ടുവരുന്നതിലൂടെ മാത്രമേ ലക്ഷ്യങ്ങള്‍ കൈവരിക്കാനാവൂ എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ടാണ് നയ രൂപീകരണം സാധ്യമാക്കാന്‍ ശ്രമിക്കുന്നത് എന്നും വിധു വിന്‍സന്റ് പറഞ്ഞു.