ഇ ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കോഴക്കേസ്: പരാതിക്കാരന് നല്‍കിയ അഡ്രസ് പൂട്ടിയ കമ്പനിയുടേത്: മുംബൈയിലും പരിശോധന
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ പ്രതിയായ കോഴക്കേസില്‍ പണം കൈമാറാന്‍ പരാതിക്കാരന്‍ അനീഷ് ബാബുവിന് പ്രതികള്‍ നല്‍കിയ മേല്‍വിലാസത്തിലുള്ള സ്ഥാപനം പൂട്ടിയ നിലയില്‍. വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഈ കമ്പനി വ്യാജമാണെന്ന് കണ്ടെത്തിയത്. കമ്പനിയുടെ ഉടമകളെന്ന് പ്രതികള്‍ പരിചയപ്പെടുത്തിയ ഒരാളെ വിജിലന്‍സ് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ക്ക് കമ്പനിയെക്കുറിച്ച് യാതൊന്നും പറയാന്‍ സാധിച്ചില്ല.
ഒരാഴ്ച മുന്‍പാണ് മുംബൈയിലെ സ്ഥാപനത്തിലേക്ക് വിജിലന്‍സ് പരിശോധനയ്‌ക്കെത്തിയത്. പൂട്ടിയ നിലയിലുള്ള ഈ കമ്പനി തട്ടിപ്പ് കമ്പനിയാണ് വളരെ വേഗം തന്നെ വിജിലന്‍സിന് മനസിലായി. കമ്പനി ഉടമയെന്ന് പറഞ്ഞയാള്‍ക്ക് കമ്പനിയെക്കുറിച്ച് യാതൊന്നുമറിയില്ലെന്നും ചോദ്യം ചെയ്യലിലൂടെ മനസിലായി. ഈ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായി വിജിലന്‍സ് സംഘം കണ്ടെത്തി. പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ പൂട്ടാനാണ് വിജിലന്‍സ് നീക്കം നടത്തുന്നത്.
അതേസമയം കോഴക്കേസില്‍ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടപടി തുടങ്ങി.
വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസിലെ പരാതിക്കാരന്‍ അനീഷ് ബാബുവിന് ഡല്‍ഹിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കി. നിലവില്‍ ഈ കേസില്‍ അനീഷ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ ഡല്‍ഹി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിനാണ് അന്വേഷണ ചുമതല. വിജിലന്‍സ് കേസിന് കാരണമായ ആരോപണങ്ങള്‍ ഇഡി അന്വേഷിക്കും. അതേസമയം, ഇഡി നടപടിക്കെതിരെ അനീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇഡി അന്വേഷണവുമായി സഹകരിക്കാന്‍ അനീഷ് ബാബുവിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
