NationalTop News

നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു; തീരുമാനം ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ

Spread the love

ദില്ലി: ജൂണ്‍ 15 ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന് ക്രമീകരണങ്ങൾ ഒരുക്കാനാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് പരീക്ഷ മാറ്റിവച്ചത്. പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

നീറ്റ് പി.ജി പരീക്ഷ രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റിൽ നടത്താൻ തീരുമാനിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. രണ്ട് പരീക്ഷകളാകുമ്പോൾ ചോദ്യങ്ങൾ വ്യത്യസ്തമാകും. വിദ്യാർത്ഥികൾക്ക് തുല്യ അവസരം കിട്ടില്ലെന്നായിരുന്നു പരാതി. ഇത്ര പ്രധാനപ്പെട്ടൊരു പരീക്ഷയ്ക്ക് സുതാര്യത വേണമെന്നും ഒന്നിച്ചു നടത്തണം എന്നുമായിരുന്നു ഹർജികളിലെ ആവശ്യം.

പരീക്ഷയുടെ തുല്യതയും സുതാര്യതയും ഉറപ്പാക്കാനാണ് ഒറ്റത്തവണയായി പരീക്ഷ നടത്താൻ കോടതി ഉത്തരവിട്ടത്. ക്രമീകരണങ്ങൾ പൂർത്തിയായില്ലെങ്കിൽ പരീക്ഷാ തിയ്യതി നീട്ടിവെക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കുമാർ, എൻ വി അഞ്ജാരിയ എന്നിവരുടെ ബെഞ്ച് ആണ് ഉത്തരവിട്ടത്. ജൂൺ 15ന് പരീക്ഷ നടത്തി ജൂലൈ 15ന് ഫലം പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പരീക്ഷാ നടത്തിപ്പ് വൈകുന്നതിനാൽ ഫലപ്രഖ്യാപനവും വൈകിയേക്കും.