യുഡിഎഫ് കക്ഷിനേതാവ് ബിജെപി സ്ഥാനാർഥി, ഇത് വിചിത്രം; അൻവറിന്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫിനെ ബാധിക്കില്ല; എം സ്വരാജ്
പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫിനെ ബാധിക്കില്ലെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. ആർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാം. പി.വി. അൻവർ മത്സരിക്കാൻ തീരുമാനിച്ചാൽ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട ആവശ്യമില്ല. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അവകാശമാണ്. ഒരു വോട്ടർ എന്ന നിലയിൽ എല്ലാവരുടേയും അവകാശമാണ് അതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു സ്വരാജ്.
നിലവിൽ യുഡിഎഫ് കക്ഷിയുടെ സംസ്ഥാന നേതാവാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇത് വിചിത്രമായ കാര്യമാണ്. യുഡിഎഫ് ഘടകക്ഷിയുടെ സംസ്ഥാന നേതാവാണ് താനെന്ന് ആ സ്ഥാനാർഥി തന്നെ പറഞ്ഞു. ഈ സംഭാവനയുടെ പിന്നിലുള്ള കാര്യങ്ങളെന്തൊക്കെയെന്ന് യുഡിഎഫും ബിജെപിയും ജനങ്ങളോട് വിശദീകരിക്കണമെന്നും സ്വരാജ് പറഞ്ഞു.
അർദ്ധരാത്രിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, പി.വി. അൻവറുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഓരോരുത്തരും അവരവരുടെ നിലവാരത്തിനനുസരിച്ചുള്ള രാഷ്ട്രീയപ്രവർത്തനമാണ് നടത്തുക എന്നായിരുന്നു സ്വരാജിന്റെ മറുപടി. അതിൽ അഭിപ്രായം പറയാനാകില്ല. ഒരു ആഗ്രഹവും വെച്ചുപുലർത്താനാകില്ല. ഓരോരുത്തരും അവരവർക്ക് ചേരുന്ന വിധത്തിലുള്ള രാഷ്ട്രീയപ്രവർത്തനവും സംഘടനാ പ്രവർത്തനവും നടത്തിക്കൊണ്ടേയിരിക്കുമെന്ന് സ്വരാജ് പറഞ്ഞു.