ദുരിതാശ്വാസം: വിദേശസംഭാവന സ്വീകരിക്കാന്‍ മഹാരാഷ്ട്രക്ക് അനുമതി, കേന്ദ്രത്തിന് രാഷ്ട്രീയ താല്‍പര്യമെന്ന് കേരളം
തിരുവനന്തപുരം: ദുരിതാശ്വാസവുമായി ബന്ധപെട്ട് വിദേശ സംഭാവന സ്വീകരിക്കുന്നതിന് മഹാരാഷ്ട്രയ്ക്ക് കേന്ദ്രം അനുമതി നൽകിയതില്‍ വിമര്‍ശനവുമായി കേരളം. പ്രളയ കാലത്ത് പോലും വിദേശ സഹായം സ്വീകരിക്കാന്‍ കേരളത്തിന് അനുമതി നൽകിയില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ഇത്തരം നിലപാടുകൾ രാഷ്ട്രീയ താത്പര്യങ്ങളോടെയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തോട് വ്യത്യസ്ത നയമാണോ എന്നത് ന്യായമായും ഉയരുന്ന സംശയമാണ്.ഇതുവരെയും ചൂരൽമലയ്ക്കായി കേന്ദ്രം സഹായം ഒന്നും നൽകിയിട്ടില്ല.
വിഴിഞ്ഞം കമീഷനിങ്ങിന് സമയത്തെങ്കിലും സഹായ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. രാഷ്ട്രീയം വച്ച് സംസ്ഥാനങ്ങളെ കാണരുത്. ദുരന്തങ്ങളായിരിക്കണം മാനദണ്ഡം. മഹാരാഷ്ട്രയ്ക്ക് അനുമതി നൽകിയത് നല്ല കാര്യം തന്നെയാണ്. കേരളം വിദേശ സംഭാവന സ്വീകരിക്കാൻ അനുമതി തേടിയപ്പോൾ വേണ്ട എന്നാണ് കേന്ദ്രം പറഞ്ഞത്. നിയമപരമായാണ് കേരളം അനുമതി തേടിയത്. ബീഫ് കഴിക്കുന്നത് കൊണ്ടാണ് കേരളത്തിൽ ദുരന്തം ഉണ്ടായതെന്ന് വരെ പറഞ്ഞ ബിജെപി നേതാക്കൾ ഉണ്ട്. കേരളത്തിന് തുല്യ നീതി വേണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.
