KeralaTop News

‘ഞാനും പ്രതിപക്ഷ നേതാവും പറയുന്നത് ഒരേ അഭിപ്രായം, അര്‍ധരാത്രിയിലെ കൂടിക്കാഴ്ച കോണ്‍ഗ്രസ് രീതിയല്ല’: അടൂർ പ്രകാശ്

Spread the love

അൻവറിന്റെ സ്ഥാനാർഥിത്വം ഒരു ക്ഷീണവും യുഡിഎഫിന് ഉണ്ടാക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ്. അൻവറിനെ കണ്ട് കൊണ്ട് അല്ല യുഡിഎഫ് അഭിപ്രായം പറയുന്നത്. നിലമ്പൂരിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു യുഡിഎഫ് കണ്‍വീനര്‍ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫ് മത്സരത്തിനിറങ്ങിയത് പി വി അന്‍വറിനെ കണ്ടല്ല. ആര്യാടന്‍ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുപ്പ് വിജയിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു. ഞാനും പ്രതിപക്ഷ നേതാവും പറയുന്നത് ഒരേ അഭിപ്രായം. UDF വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും’

പി വി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചെന്നോ തുറന്നെന്നോ പറയാനില്ല. നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചാലും പിന്‍വലിക്കാന്‍ സമയമുണ്ട്. അന്‍വറിന് വാതില്‍ അടച്ചു എന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. യുഡിഎഫിന്റെ അഭിപ്രായമാണ് താന്‍ പറയുന്നത് എന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിന് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റായ നടപടിയാണ്. അന്‍വറിന്റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച്‌ അദ്ദേഹം പലതവണ പല നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ അന്തിമ തീരുമാനം ഉണ്ടാകട്ടെ.

പ്രതിപക്ഷ നേതാവിന്റെയും യുഡിഎഫിന്റെയും നിലപാടുകള്‍ വ്യത്യസ്ഥമാണ് എന്ന് വരുത്തിതീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ് എന്നും യുഡിഎഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടം അന്‍വറിനെ കണ്ടത് വ്യക്തിപരമായാണ്. അര്‍ധരാത്രിയിലെ കൂടിക്കാഴ്ച കോണ്‍ഗ്രസ് രീതിയല്ലെന്നും അടൂര്‍ പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.