KeralaTop News

രാഷ്ട്രീയ പ്രവര്‍ത്തനം ആശയങ്ങള്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍; വെല്ലുവിളികള്‍ക്കോ ഭീഷണികള്‍ക്കോ അതില്‍ പ്രാധാന്യമില്ല’; എം സ്വരാജ്

Spread the love

നിലമ്പൂരില്‍ തിളക്കമാര്‍ന്ന വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ജനങ്ങളുടെ അംഗീകാരം പ്രതിഫലിക്കുന്ന ഒരു വിധിയെഴുത്തായി ഈ ഉപതിരഞ്ഞെടുപ്പ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വറിന്റെ സാന്നിധ്യം തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും അത് യുഡിഎഫ് നേരിടുന്ന പ്രശ്‌നമാണെന്നും സ്വരാജ് പറഞ്ഞു.

ഞങ്ങള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. പാര്‍ട്ടി തീരുമാനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുകയാണ് – അദ്ദേഹം വ്യക്തമാക്കി.

ധൈര്യമുണ്ടെങ്കില്‍ മത്സരിക്കൂ എന്ന വെല്ലുവിളികകള്‍ക്കും അദ്ദേഹം മറുപടി നല്‍കി. വെല്ലുവിളികള്‍ക്കോ ഭീഷണികള്‍ക്കോ പരദൂഷണങ്ങള്‍ക്കോ ഒന്നും രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമില്ല. രാഷ്ട്രീയ പ്രവര്‍ത്തനം ആശയങ്ങള്‍ തമ്മിലുള്ള മാറ്റുരയ്ക്കലാണ്. ആ ഒരു ഉയര്‍ന്ന നിലയിലേക്ക് വളരുകയാണ് എല്ലാവരും ചെയ്യേണ്ടത്. നിലമ്പൂരിനല്ല കേരളത്തിന് തന്നെ ഇടതുമനസാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച, തിളക്കമാര്‍ന്ന വിജയം നേടും – അദ്ദേഹം വ്യക്തമാക്കി

അതേസമയം, എം സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയോടെ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. എം സ്വരാജ് ഇന്ന് നിലമ്പൂരില്‍ എത്തും. ജന്മനാട്ടില്‍ ആദ്യമായി മത്സരിക്കാനെത്തുന്ന സ്വരാജിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. സ്റ്റേഷനില്‍ നിന്ന് വാഹനത്തില്‍ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും എത്തി വോട്ടര്‍മാരെ അഭിവാദ്യം ചെയ്യും. ഉച്ചക്ക് ശേഷം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എത്തുന്ന തരത്തില്‍ റോഡ്ഷോയും സംഘടിപ്പിക്കുന്നുണ്ട്. സ്വരാജ് സ്ഥാനാര്‍ഥിയായതോടെ ഇടത് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയും മണ്ഡലത്തില്‍ എത്തുന്നുണ്ട്.