NationalTop News

‘പ്രകൃതിക്ക് ജാതിയുണ്ടോ?സൂര്യന് മതമുണ്ടോ? മയക്കുമരുന്ന് പോലെ തന്നെ ജാതിയും മതവും ഉപേക്ഷിക്കണം’; കുട്ടികളോട് വിജയ്

Spread the love

മയക്കുമരുന്ന് ഉപേക്ഷിക്കുന്നത് പോലെ തന്നെ മതവും ജാതിയും ഉപേക്ഷിക്കേണ്ടതുണ്ടെന്ന് വിദ്യാര്‍ത്ഥികളോട് തമിഴ് നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ്. മതവും ജാതിയും മയക്കുമരുന്നും പോലുള്ള ഒരു കാര്യങ്ങളും നിങ്ങളുടെ മനസ് മലിനമാക്കരുതെന്ന് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ വിജയ് പറഞ്ഞു. പ്രകൃതിയ്ക്ക് എന്തെങ്കിലും ജാതിയുണ്ടോ എന്നും സൂര്യനും മഴയ്ക്കുമെല്ലാം മതമുണ്ടോ എന്നും വിജയ് ചോദിച്ചു.

തങ്ങളുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കാന്‍ കുട്ടികള്‍ എല്ലാവരേയും ഓര്‍മിപ്പിക്കണമെന്നും ഇക്കാര്യം വീട്ടിലും സംസാരിക്കണമെന്നും വിജയ് പറഞ്ഞു. പ്രായപൂര്‍ത്തിയായ എല്ലാവരും തങ്ങളുടെ ജനാധിപത്യപരമായ കര്‍ത്തവ്യം നിര്‍വഹിക്കണമെന്നും വിശ്വസ്തരെ ബുദ്ധിപൂര്‍വം വോട്ട് ചെയ്ത് തിരഞ്ഞെടുക്കണമെന്നും വിജയ് പറഞ്ഞു.

അതേസമയം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി വിജയ്യെ കൂടെ നിര്‍ത്താന്‍ ബിജെപി- എഐഎഡിഎംകെ സഖ്യം ശ്രമിക്കുകയാണ്. വിജയ് സഖ്യത്തിലെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് എഐഎഡിഎംകെ മുതിര്‍ന്ന നേതാവ് കടമ്പൂര്‍ രാജു പ്രതികരിച്ചു. മുന്നണിയില്‍ ആരൊക്കെയുണ്ടെന്ന് ജനുവരിയില്‍ വ്യക്തമാകുമെന്ന് കടമ്പൂര്‍ രാജു സൂചിപ്പിച്ചു. വിജയ്യുടെ ലക്ഷ്യം ഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കലാണെന്നും സമാനചിന്താഗതിയുള്ള പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും കടമ്പൂര്‍ രാജു പ്രതികരിച്ചു. വിജയ് വന്നാല്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ബിജെപിയും അറിയിച്ചിട്ടുണ്ട്.