KeralaTop News

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ഇന്ന്

Spread the love

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ഇന്ന്. യോഗത്തിനുശേഷം മത്സരിക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും.

യുഡിഎഫിന്റെ പൂര്‍ണ്ണ ഘടകകക്ഷിയാക്കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്നലെ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. പൂര്‍ണ്ണ ഘടകകക്ഷി എന്ന ആവശ്യം യുഡിഎഫ് അംഗീകരിക്കില്ലെന്നാണ് ടിഎംസി വിലയിരുത്തല്‍. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് വൈകിട്ട് 7:00 മണിക്ക് ഓണ്‍ലൈനായി ചേരും. സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് ആദ്യം പിന്തുണ പ്രഖ്യാപിക്കണം എന്ന ആവശ്യമാണ് യുഡിഎഫ് അന്‍വറിനു മുന്നില്‍ വെച്ച ഉപാധി.

പി വി അന്‍വര്‍ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചു. 9 മണിക്ക് വീട്ടില്‍ വച്ച് മാധ്യമങ്ങളെ കാണും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ നിലപാട് പ്രഖ്യാപിക്കും. ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇന്നലെ ചേര്‍ന്ന ടിഎംസി സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചിരുന്നു.