KeralaTop News

നിലമ്പൂരില്‍ വിജയിക്കും, അത് എല്‍ഡിഎഫിന് തുടര്‍ഭരണത്തിനുള്ള വാതിലാകും: എം സ്വരാജ്

Spread the love

നിലമ്പൂരില്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ദൗത്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. നിലമ്പൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാനാകുമെന്നും എല്ലാ പരിശ്രമവും നടത്തുമെന്നും എം സ്വരാജ് പറഞ്ഞു. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജിന്റെ പേര് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്വരാജ് ട്വന്റിഫോറിലൂടെ പ്രതികരിച്ചിരിക്കുന്നത്.

നിലമ്പൂരിലെ ജനവിഭാഗങ്ങളുടേയും പിന്തുണയോടെ ജയിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷ തനിക്കുണ്ടെന്ന് എം സ്വരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലമ്പൂരില്‍ പ്രധാനപ്പെട്ട ദൗത്യം നിര്‍വഹിക്കാനാണ് പാര്‍ട്ടി പ്രതിനിധിയായി തന്നെ നിയോഗിച്ചിട്ടുള്ളത്. തീര്‍ച്ചയായും ആ ചുമതല നിര്‍വഹിക്കുന്നതിന് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ എല്ലാ പരിശ്രമവും നടത്തുമെന്നും എം സ്വരാജ് പറഞ്ഞു. സ്വരാജ് നിലമ്പൂര്‍ സ്വദേശിയാണെന്നത് കൂടുതല്‍ കരുത്താകുമെന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ.

കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള താത്പര്യവും മമതയും നിലമ്പൂരിലും പ്രതിഫലിക്കുമെന്ന് എം സ്വരാജ് പറഞ്ഞു. ഈ ജയം എല്‍ഡിഎഫിന് വീണ്ടും തുടര്‍ഭരണത്തിനുള്ള വഴിയൊരുക്കും. ഏതെങ്കിലും വ്യക്തികള്‍ക്കെതിരല്ല ഇടതുപക്ഷത്തിനെതിരായ ശക്തികള്‍ക്കെതിരെയാണ് പോരാട്ടം. അതിനെ വ്യക്തികള്‍ക്കെതിരെ എന്ന് ചുരുക്കി കാണരുത്. അന്‍വരില്‍ നിലമ്പൂരിലെ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന് അത് കാത്തുസൂക്ഷിക്കാനായില്ല. അന്‍വറിനെ ഇതില്‍ കുറ്റം പറയുന്നില്ലെന്നും അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചത് കോണ്‍ഗ്രസാണെന്നും സ്വരാജ് പറഞ്ഞു. ആരും മത്സരരംഗത്തുണ്ടായിക്കോട്ടെയെന്നും ആര്‍ക്കും മത്സരിക്കാമല്ലോ എന്നും സ്വരാജ് പറഞ്ഞു.