KeralaTop News

‘എം സ്വരാജിന് നന്ദി, മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിന് അഭിനന്ദനം’ : കെ ആർ മീര

Spread the love

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരി കെ ആർ മീര. അവഹേളനവും സ്വഭാവഹത്യയുമാണ് രാഷ്ട്രീയപ്രവർത്തനം എന്നു വിശ്വസിച്ച് എഫ്.ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻകോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം സ്വരാജിനു നന്ദി എന്നും മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനം എന്നുമാണ് അവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് ധൈര്യമുണ്ടെങ്കിൽ എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി. സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും എം സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യണം. പാർട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് ആവശപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറി നിൽക്കുന്ന സ്വരാജിന്റെ ആറ്റിറ്റ്യൂടിലും, ഒരു ബലിയാടിനെ തപ്പുന്ന പാർട്ടിയുടെ അന്വേഷണത്തിലും പരാജയ ഭീതി കാണാമെന്നും അദ്ദേഹം കുറിച്ചു. മത്സരിക്കാൻ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കുമെന്നും രാഹുൽ വ്യക്തമാക്കി.

കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചത്

അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവർത്തനം എന്നു വിശ്വസിച്ച് എഫ്.ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻകോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദി.
മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനം.