KeralaTop News

പാർട്ടി സ്ഥാനാർഥി വേണ്ട; നിലമ്പൂരിൽ സ്വതന്ത്രനെ നിർത്താൻ സിപിഐഎം

Spread the love

നിലമ്പൂരിൽ സ്വതന്ത്രനെ മത്സരിപ്പിക്കാൻ സിപിഐഎം. പാർട്ടി സ്ഥാനാർഥി നിലമ്പൂരിൽ വേണ്ടെന്നാണ് ധാരണ. ഇന്ന് തിരുവനന്തപുരത്ത് തുടരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനമുണ്ടാകും. മൂന്ന് സ്വാതന്ത്രരുടെ പേരാണ് അവസാന പട്ടികയായി നിലമ്പൂർ മണ്ഡലത്തിന്റെ ചുമതലയുള്ള എ വിജയരാഘവനും എം സ്വരാജും സംസ്ഥാന സെക്രട്ടേറിയറ്റിൽ അവതരിപ്പിക്കുക. നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിലായിരിക്കില്ല സ്ഥാനാർഥി മത്സരിക്കുക. പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിക്കാണ് മണ്ഡലത്തിൽ വിജയിക്കാൻ സാധിക്കുക എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിർണായകമായ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം 12 മണിക്ക് ചേരുന്ന സിപിഐഎം നിലമ്പൂർ മണ്ഡലം കമ്മറ്റി യോഗത്തിൽ റിപ്പോർട്ട്‌ ചെയ്യും.

സിപിഐഎം നേരത്തെയും മണ്ഡലത്തിൽ സ്വാതന്ത്രന്മാരെ മത്സരിപ്പിച്ചിട്ടുണ്ട്. ഇതിന് മുൻപ് പാർട്ടി സ്ഥാനാർഥിയായി നിലമ്പൂരിൽ മത്സരിച്ചത് മുൻ സ്പീക്കർ ആയിരുന്ന ശ്രീരാമകൃഷ്ണനായിരുന്നു. എന്നാൽ ആര്യാടൻ മുഹമ്മദായിരുന്നു മണ്ഡലത്തിൽ വിജയിച്ചിരുന്നത്.

അതേസമയം, പി വി അന്‍വര്‍ – യുഡിഎഫ് വിഷയത്തില്‍ ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്. ഘടകക്ഷിയാക്കാമെന്നതില്‍ ഉറപ്പ് ലഭിച്ചതായാണ് സൂചന. സാമുദായിക നേതാക്കളുമായും ചര്‍ച്ച നടക്കുന്നുണ്ട്. മുസ്ലീം ലീഗ് നേതാക്കളും കോണ്‍ഗ്രസിന്റെ നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഇപ്പോഴേ പ്രഖ്യാപിക്കരുതെന്നും പറഞ്ഞിട്ടുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. ഈ പകല്‍ കൂടി കാത്തിരിക്കണമെന്ന് ഇത്രയും ആളുകള്‍ പറയുമ്പോള്‍ എനിക്കത് മുഖവിലയ്‌ക്കെടുക്കാതിരിക്കാന്‍ കഴിയില്ല. അതിലെന്നെ സഹായിക്കാന്‍ നില്‍ക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. എല്ലാവരും ഒരേ സ്വരത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. അവരുടെയിടയില്‍ ഞാന്‍ വളരെ ചെറിയൊരു മനുഷ്യനാണ്. ഈ കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുത്തുകൊണ്ട് ഇപ്പോള്‍ പറയാനുദ്ദേശിച്ച കാര്യങ്ങള്‍ തത്കാലത്തേക്ക് മാറ്റി വെക്കുകയാണ്. മാന്യമായൊരു പരിഹാരം പ്രതീക്ഷിക്കുന്നതായും അന്‍വര്‍ പറഞ്ഞു.