KeralaTop News

സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്; വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു’ ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

Spread the love

ഓപ്പറേഷന്‍ സിന്ദൂരില്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയുള്ള നിലപാടിലുടച്ച് ഡോക്ടര്‍ ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കു മറുപടി തരൂര്‍ എക്‌സില്‍ കുറിച്ചു. തനിക്ക് ചെയ്യാന്‍ ചില നല്ല കാര്യങ്ങള്‍ ഉണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തരൂര്‍ പറയുന്നു.

സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ പനാമയിലെ പര്യടനത്തിനിടെയുള്ള ശശിതരൂരിന്റെ പ്രസ്താവനയെ ചൊല്ലിയാണ് വിവാദം. ഇന്ത്യ ആദ്യമായാണ് നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും കടന്ന് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന തരൂരിന്റെ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്.

വിമര്‍ശവുമായി എത്തിയ നേതാക്കള്‍ക്ക് തരൂര്‍ തന്നെ മറുപടിയും നല്‍കി. വിമര്‍ശനങ്ങളും ട്രോളുകളും എന്റെ കാഴ്ചപ്പാടുകളെയും വാക്കുകളെയും അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ വളച്ചൊടിച്ചുകൊണ്ടുള്ളതാണ്. എനിക്ക് ഇതിനേക്കാള്‍ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. പനാമയില്‍ നീണ്ട ഒരു ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം, അര്‍ധരാത്രിയോടെ കാര്യങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ആറു മണിക്കൂറിനുള്ളില്‍ കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലേക്ക് പുറപ്പെടണം. അതിനാല്‍ ഇതിനൊന്നും ശരിക്കും സമയമില്ല. നിയന്ത്രണ രേഖയില്‍ ഉടനീളം ഇന്ത്യ നടത്തിയ വീര പ്രവര്‍ത്തികളെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. എന്റെ വാക്കുകള്‍ക്കെതിരെ ആക്രോശിക്കുന്ന തീവ്രചിന്താഗതിക്കാര്‍ അറിയുന്നതിനായി, ഇന്ത്യ നേരിട്ട ഭീകരവാദ ആക്രമണങ്ങള്‍ക്ക് നല്‍കിയ പ്രതികാര നടപടികളെക്കുറിച്ചു മാത്രമാണ് ഞാന്‍ വ്യക്തമായി സംസാരിച്ചത്, അല്ലാതെ മുന്‍കാലങ്ങളില്‍ സംഭവിച്ച യുദ്ധങ്ങളെക്കുറിച്ചല്ല. അടുത്തകാലത്തായി നടന്ന ഭീകരാക്രമണങ്ങളെ കുറിച്ചായിരുന്നു എന്റെ പരാമര്‍ശം – തരൂര്‍ വ്യക്തമാക്കി.

വിമര്‍ശനങ്ങള്‍ക്കിടെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ശശി തരൂരിന് പിന്തുണ അറിയിച്ചു. പ്രതിനിധി സംഘത്തില്‍ പോയവര്‍ ഇന്ത്യയ്‌ക്കെതിരെ ആണോ സംസാരിക്കേണ്ടിയിരുന്നതെന്നും രാഷ്ട്രീയ നിരാശയ്ക്ക് പരിധിയുണ്ടെന്നും കിരണ്‍ റിജിജു.തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തുന്ന ശശി തരൂരിനോട് വിശദീകരണം തേടണം എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാല്‍ തരൂരിനോട് വിശദീകരണം തേടുന്നത് നിലവില്‍ അലോചനയില്‍ ഇല്ലെന്ന് ആണ് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.