KeralaTop News

നിലമ്പൂരില്‍ പിവി അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ? തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തിനുശേഷം

Spread the love

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തിനുശേഷം തീരുമാനം. പിവി അന്‍വര്‍ ഇന്നലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. അതിനാല്‍ അന്‍വറിന്റെ ഇനിയുള്ള തീരുമാനം നിര്‍ണായകമാണ്. നാളെ വൈകിട്ടോടെ നിലമ്പൂരിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ചര്‍ച്ചകള്‍ക്കിടെ നിലമ്പൂരില്‍ പിവി അന്‍വറിനായി പോസ്റ്ററുകള്‍. പി വി അന്‍വര്‍ ‘തുടരും’ എന്നാണ് ഫ്ലക്സ് ബോര്‍ഡുകള്‍. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്ററുകള്‍. പി വി അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന ചര്‍ച്ചകള്‍ക്കിടയാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

പി വി അന്‍വറുമായി തത്കാലം കൂടിക്കാഴ്ച വേണ്ടെന്നാണ് കെ സി വേണുഗോപാലിന്റെ തീരുമാനം. അന്‍വറിനെ കാണാതെയാണ് കെ സി വേണുഗോപാല്‍ മടങ്ങിയത്. അന്‍വര്‍ വിഷയത്തില്‍ താന്‍ ചര്‍ച്ച നടത്തില്ലെന്നും കേരളത്തില്‍ കൊള്ളാവുന്ന നേതൃത്വം ഉണ്ടെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമസൃഷ്ടി എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പിവി അന്‍വറുമായി ഉണ്ടായ കമ്മ്യൂണികേഷന്‍ ഗ്യാപ്പ് പരിശോധിക്കുമെന്നും സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നുമായിരുന്നു കെ സി വേണുഗോപാല്‍ നേരത്തെ പ്രതികരിച്ചത്. അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന് ആരും കരുതിയിട്ടില്ല. അന്‍വര്‍ രാജിവെച്ച പൊതു ആവശ്യത്തിനായി വര്‍ഷങ്ങളായി നിലകൊള്ളുന്നവരാണ് കോണ്‍ഗ്രസുകാര്‍. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കെ സി വേണുഗോപാലിന്റെ പ്രതികരണത്തില്‍ സന്തോഷമെന്ന് അന്‍വറും പ്രതികരിച്ചിരുന്നു.

ഇന്നലെ പ്രതിപക്ഷ നേതാവിനെതിരെ അന്‍വര്‍ ആഞ്ഞടിച്ചിരുന്നു. യുഡിഎഫുമായി സഹകരിക്കുന്നത് അന്‍വര്‍ തീരുമാനിക്കട്ടെ എന്ന വിഡി സതീശന്റെ വാക്കുകളാണ് അന്‍വറിനെ ചൊടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് തന്നെ വസ്ത്രാഭിഷേകം നടത്തി ചെളിവാരി എറിയുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. മെയ് 15ന് വിഡി സതീശനുമായി എറണാകുളത്ത് കൂടിക്കാഴ്ച നടത്തിപ്പിരിഞ്ഞതാണ്. രണ്ടുദിവസത്തിനകം മുന്നണി പ്രവേശനം ഉറപ്പു തന്നു. പിന്നീട് ഒരു വിവരവുമില്ല. കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ് -അന്‍വര്‍ പറഞ്ഞു.