KeralaTop News

‘നിലമ്പൂരില്‍ പി വി അന്‍വര്‍ ഒരു ഘടകല്ല; കോണ്‍ഗ്രസ് തട്ടിക്കളിക്കുന്നത് അതുകൊണ്ട് ‘; എം വി ജയരാജന്‍

Spread the love

നിലമ്പൂരില്‍ പി വി അന്‍വര്‍ ഒരു ഘടകമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജന്‍. അതുകൊണ്ടാണ് കോണ്‍ഗ്രസ് തട്ടിക്കളിക്കുന്നതെന്നും കോണ്‍ഗ്രസിന് അന്‍വറിനെ വേണം, വേണ്ട എന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ തമ്മിലടിയുടെ പൊടിപൂരം കാണാം. അന്‍വര്‍ യുഡിഎഫില്‍ പോയാല്‍ അത് എല്‍ഡിഫിന്റെ വിജയത്തെ സഹായിക്കും. അന്‍വറിന് മാപ്പ് കൊടുക്കാന്‍ വിഡി സതീശന് കഴിയില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു.

നിലമ്പൂരില്‍ പി വി അന്‍വര്‍ ഒരു ഘടകമേയല്ല. അതുകൊണ്ടാണ് കോണ്‍ഗ്രസുകാര് അയാളെ വേണം, വേണ്ട, വേണ്ടണം എന്നതില്‍ എത്തിയത്. ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരായി പരസ്യമായി നിലപാട് സ്വീകരിച്ച അന്‍വര്‍ ഷൗക്കത്തിന്റെ കൂടെ വോട്ട് പിടിക്കാന്‍ പോകുന്ന ദൃശ്യം ഒന്ന് ആലോചിച്ചു നോക്കൂ. തൃശൂര്‍ പൂരത്തിന് പടക്കം പൊട്ടിക്കുന്നതിനേക്കാള്‍ അടിയായിരിക്കും അവിടെ നടക്കാന്‍ പോകുക. അന്‍വര്‍ ഷൗക്കത്തിന്റെ കൂടെ പോയാല്‍ എല്‍ഡിഎഫിന്റെ വിജയം കൂടുതല്‍ ശക്തമാകും – അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫ് നിലമ്പൂരില്‍ ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത് ചില ദുഷ്ട മനസുകളാണ് കെ സുധാകരന്‍ തന്നെ തുറന്നു പറഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാളെ രാവിലെ 10 മണിയോടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഈ യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അന്തിമ ധാരണയാകുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കുന്നു. ഉച്ചയ്ക്ക് ശേഷം 3.30ന് എല്‍ഡിഎഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും സിപിഐഎം സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.