‘പി വി അൻവർ മത്സരിക്കില്ലെന്നാണ് കരുതുന്നത്, അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത് പിണറായി വിജയനെതിരായ രാഷ്ട്രീയം’; കെ സി വേണുഗോപാൽ
നിലമ്പൂരിൽ പി വി അൻവർ മത്സരിക്കില്ല എന്നാണ് കരുതുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പിണറായി വിജയനെതിരായ രാഷ്ട്രീയമാണ് അൻവറിനുള്ളതെങ്കിൽ അതാണ് ചെയ്യേണ്ടത്. അൻവറിന്റെ കാര്യത്തിൽ ഒരു നേതാവിനും പ്രത്യേക അജണ്ടയില്ലെന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അൻവറുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേരളത്തിലെ നേതൃത്വം പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ആന്റോ ആന്റണിയുമായുള്ള കൂടിക്കാഴ്ച വ്യക്തപരമാണ്. തന്റെ സഹപ്രവർത്തകനായ ഒരു നേതാവുമായി സംസാരിക്കുന്നതിൽ എന്താണ് വാർത്തയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം യുഡിഎഫിന്റെ ഭാഗമാകാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ നിലമ്പൂരിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കവുമായി പി വി അൻവർ.തീരുമാനം ഇന്ന് വൈകിട്ട് ചേരുന്ന തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായേക്കും. അൻവറുമായി കൂടിക്കാഴ്ച നടത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തയ്യാറാകാത്ത സാഹചര്യത്തിൽ കൂടിയാണ് പുതിയ നീക്കം.
അൻവറുമായി ചർച്ചകൾ തുടരുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. നേതാക്കള്‍ തമ്മില്‍ ഭിന്നതയില്ലെന്നും നിലമ്പൂരില്‍ ഒന്നിച്ച് പ്രചാരണത്തിന് ഇറങ്ങുമെന്നും ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോറിന്റെ ഗുഡ്‌മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളുടെ ആഗ്രഹത്തെ പൂര്‍ണമായും പൂര്‍ത്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയുള്ള എല്ലാവരെയും യോജിപ്പിക്കുക എന്നതാണ് യുഡിഎഫ് എന്നും സ്വീകരിച്ചിട്ടുള്ള സമീപനം. ഈ ഗവണ്‍മെന്റില്‍ നിന്ന് ഒരു മോചനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളെയും അണി നിരത്തുക എന്നതാണ് ലക്ഷ്യം. അന്‍വറിന്റെ വിഷയത്തിലും അത് തന്നെയാണ് നിലപാട്. ആ വിഷയം പരിഹരിക്കാന്‍ വേണ്ടി ഞാന്‍ അന്‍വറുമായി സംസാരിച്ചു. അന്‍വര്‍ ഇന്നലെ വേണുഗോപാലുമായി സംസാരിക്കാന്‍ ആഗ്രഹിച്ചു. വേണുഗോപാല്‍ വിളിച്ചിട്ട് അദ്ദേഹത്തെ കിട്ടിയില്ല. ആ സംസാരം ഞങ്ങള്‍ തുടരും. എല്ലാവരും കൂടി യോജിച്ച് പോകാനാണ് തീരുമാനം- അദ്ദേഹം വ്യക്തമാക്കി.