ഇത് അച്ഛന് കൊടുത്ത വാക്ക്, നാരീശക്തി ലോകത്തിന് കാട്ടിക്കൊടുത്തു’ ; പായ്കപ്പലില്‍ ലോകം ചുറ്റിവന്ന ദില്‍നയും രൂപയും പറയുന്നു…
പായ്‌വഞ്ചിയില്‍ അതിസാഹസികമായി ലോകം ചുറ്റിയ വനിതാ നാവികര്‍ മടങ്ങിയെത്തി. മലയാളിയായ ലഫ്‌നന്റ് കമാന്‍ഡര്‍ കെ. ദില്‍നയും തമിഴ്‌നാട് സ്വദേശി ലഫ്.കമാന്‍ഡര്‍ എ രൂപയുമാണ് അഭിമാന ദൌത്യം പൂര്‍ത്തിയാക്കി മടങ്ങി എത്തിയത്. പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ ഇരുവരെയും സ്വീകരിച്ചു.
ആദ്യമായി മനുഷ്യന്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയ അതേ ദിനത്തില്‍ പുതിയ ചരിത്രം രചിച്ചാണ് രണ്ട് പേരും തീരമണഞ്ഞത്. യന്ത്രസഹായമില്ലാതെ ഒരു പായ്കപ്പലില്‍ എട്ടുമാസം കൊണ്ട് നാല്‍പതിനായിരം കിലോമീറ്റര്‍ താണ്ടിയാണ് ലഫ്. കമാന്‍ഡര്‍ ദില്‍നയും ലഫ്.കമാന്‍ഡര്‍ രൂപയും മടങ്ങിയെത്തിയത്. മടങ്ങിയെത്തിയത് കൂടുതല്‍ കരുത്തോടെയെന്ന് പറയുന്നു ഇരുവരും. നാരീശക്തിയെന്തെന്ന് ലോകത്ത് കാട്ടിക്കൊടുക്കാനായി. ഒപ്പം നേവിയുടെ കരുത്തും . അച്ഛന് കൊടുത്ത വാക്ക് പാലിച്ചെന്ന് ദില്‍ന. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിലാണ് INSV തരിണി എന്ന ബോട്ടില്‍ ഗോവയില്‍ നിന്ന് ഇരുവരും യാത്ര പുറപ്പെട്ടത്
നാല് പാദങ്ങളായി നാല് ഭൂഗണ്ഡങ്ങളാണ് നാവിക സാഗര്‍ പരിക്രമ എന്ന ദൌത്യത്തില്‍ പിന്നിട്ടത്. വനിതാ നാവിക സേനാംഗങ്ങളുടെ രണ്ടാമത്തെ മാത്രം ദൌത്യമാണ്. 2017ലെ ആദ്യ ദൌത്യത്തില്‍ ആറ് പേരുണ്ടായിരുന്നു. രണ്ട് പേര്‍ ഇതാദ്യം. കോഴിക്കോട് സ്വദേശിനിയാണ് ദില്‍ന. റിട്ട. മിലിറ്ററി ഉദ്യോഗസ്ഥന്‍ കോനത്ത് ദേവദാസിന്റെയും റീജയുടേയും മകളാണ് ദില്‍ന. നാവികസേനയിലെ കമാന്‍ഡറായ ധനേഷ് കുമാറാണ് ഭര്‍ത്താവ്. കേരളത്തിന് വേണ്ടി ഷൂട്ടിംഗ് മത്സരങ്ങളിലും അണ്ടര്‍ 19 ക്രിക്കറ്റിലും കളിച്ചിട്ടുള്ള താരം കൂടിയാണ് ദില്‍ന.