SportsTop News

ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് സ്വര്‍ണനേട്ടം; 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണക്കുതിപ്പ്

Spread the love

ദക്ഷിണ കൊറിയയിലെ ഗുമിയില്‍ നടന്ന 26-ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് ആദ്യ സ്വര്‍ണ നേട്ടം.ബുധനാഴ്ച നടന്ന പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തിലാണ് അമ്മാര്‍ ഇസ്മായില്‍ വൈ ഇബ്രാഹിം ഖത്തറിനായി ആദ്യ സ്വര്‍ണനേട്ടം സ്വന്തമാക്കിയത്.വാശിയേറിയ ഫൈനലില്‍ 45.33 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഇബ്രാഹിം ഒന്നാമനായത്.

ഏഷ്യ പസിഫിക്കില്‍ നിന്നുള്ള കെന്റാരോ സാറ്റോ 45.50 സെക്കന്‍ഡില്‍ വെള്ളിയും ശ്രീലങ്കയുടെ കലിംഗ കുമാരേജ് 45.55 സെക്കന്‍ഡില്‍ വെങ്കലവും നേടി.ഹീറ്റ്‌സിലെ മികച്ച പ്രകടനത്തിന് ശേഷം ഫൈനലിലെത്തിയ ഖത്തറി സ്പ്രിന്റര്‍ അഷ്റഫ് ഹുസെന്‍ എം ഉസ്മാന്‍ 45.91 സെക്കന്‍ഡില്‍ ഏഴാം സ്ഥാനത്തെത്തി.

ഇബ്രാഹിമിന്റെ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തോടെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.11 സ്വര്‍ണ്ണവും നാല് വെള്ളിയുമായി ചൈന ഒന്നാം സ്ഥാനത്തും, മൂന്ന് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും നേടി ജപ്പാന്‍ രണ്ടാം സ്ഥാനത്തും, രണ്ട് സ്വര്‍ണ്ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്.