ഇന്ത്യയിൽ തിരിച്ചെത്തും മുൻപ് തരൂരിനെ വിദേശകാര്യ മന്ത്രിയോ, സൂപ്പർ ബിജെപി വക്താവോ ആക്കും;പരിഹസിച്ച് ഉദിത് രാജ്
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ഉദിത് രാജ്. ഇന്ത്യയിൽ തിരിച്ചെത്തും മുൻപ് ശശി തരൂരിനെ വിദേശകാര്യ മന്ത്രിയോ, സൂപ്പർ ബിജെപി വക്താവോ ആക്കുമെന്ന് ഉദിത് രാജ് പരിഹസിച്ചു. ആദ്യമായി നിയന്ത്രണ രേഖയും, അന്താരാഷ്ട്ര അതിർത്തിയും കടന്ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചെന്ന തരൂരിന്റെ പ്രസ്താവനയെ വിമർശിച്ചുകൊണ്ടാണ് ഉദിത് രാജിന്റെ പ്രതികരണം.
മോദി ഭരണത്തിന് മുൻപ് ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന് പറഞ്ഞ് കോൺഗ്രസിന്റെ സുവർണ ചരിത്രത്തെ തരൂർ അപമാനിച്ചു. ഇത്രയധികം നേട്ടങ്ങൾ നൽകിയ പാർട്ടിയോട് എന്തുകൊണ്ടാണ് തരൂരിന് ആത്മാർത്ഥതയില്ലാത്തതെന്നും ഉദിത് രാജ് ചോദിച്ചു. 1965 ൽ നിരവധി തവണ പാക്കിസ്ഥാനിലേക്ക് കടന്നുകയറി. 1971 ൽ ഇന്ത്യ പാക്കിസ്ഥാനെ രണ്ടാക്കി. യുപിഎ കാലത്തും നിരവധി തവണ സർജിക്കൽ സ്ട്രൈക്ക് നടത്തി. എന്നാൽ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ഉദിത് രാജ് പറഞ്ഞു. അതേസമയം, കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളായ ജയറാം രമേശും, പവൻ ഖേരയും ഉദിത് രാജിന്റെ പ്രസ്താവനയെ പിന്തുണച്ച് ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്. തരൂരിനെ ടാഗ് ചെയ്ത് 1965 ൽ പാക്കിസ്ഥാനിലെ പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്ത്യൻ സൈനികർ നിൽക്കുന്ന ചിത്രങ്ങളും പവൻ ഖേര പങ്കുവച്ചു.