അതിതീവ്ര മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ജില്ലയിൽ നാളെയും മറ്റന്നാളും ക്വാറികളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ജില്ലയിലെ റാണിപുരം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ബീച്ചുകളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. മലയോര മേഖലയിൽ രാത്രിയാത്ര ഒഴിവാക്കണമെന്നും നിർദേശം.
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കോഴിക്കോട് വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിന്. നാളെ പത്തനംതിട്ട, ഇടുക്കി, കണ്ണൂർ,കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് റെഡ് അലർട്ട്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.