‘അന്‍വര്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, തികഞ്ഞ ശുഭപ്രതീക്ഷയില്‍’ സണ്ണി ജോസഫ്
അന്‍വര്‍ പൂര്‍ണമായും യുഡിഎഫുമായി സഹകരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എന്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയാണ് അന്‍വര്‍ എതിര്‍ക്കുന്നതെന്നും വിഷയാധിഷ്ടിത സഹകരണം അന്‍വറില്‍ നിന്ന് പ്രതീക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്‍വര്‍ ഇന്നലെ മാധ്യമങ്ങളുടെ മുന്നില്‍ പറഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ, അഴിമതി ഭരണത്തെ, വിലക്കയറ്റം, വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിസംഗത, കാര്‍ഷിക മേഖലയുടെ തകര്‍ച്ച എന്നിവയെയാണ് താന്‍ എതിര്‍ത്തത് എന്നാണ്. ആ ജനകീയ പ്രശ്‌നങ്ങള്‍ ഇപ്പോഴും സജീവമായി നില്‍ക്കുകയാണ്. ആ വിഷയങ്ങള്‍ തന്നെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്. വിഷയാധിഷ്ടിതമായ സഹകരണം അന്‍വറില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ് – അദ്ദേഹം വ്യക്തമാക്കി.
അവരുടെ യോഗം ഉണ്ടെന്നാണ് അന്‍വര്‍ പറഞ്ഞത്. അതുകൂടി കഴിഞ്ഞതിന് ശേഷം തീരുമാനിക്കും. അന്‍വര്‍ വിഷയം പഠിക്കട്ടേയെന്നും പഠിക്കുന്നത് നല്ല കാര്യമല്ലേയെന്നും അദ്ദേഹം പറഞ്ഞു.
പി വി അന്‍വറുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു. വിഷയത്തില്‍ തീരുമാനം തന്റെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്‍വറുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ല. ഇന്നലെയും ഉച്ചയ്ക്ക് ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. എന്തെങ്കിലും ഒക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ എന്റെ പാര്‍ട്ടി അത് ചര്‍ച്ച ചെയ്യും. തീരുമാനങ്ങളെടുക്കും – അദ്ദേഹം വ്യക്തമാക്കി. ട്വന്റിഫോറിന്റെ ഗുഡ് മോണിങ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.