നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: മത്സരിക്കുന്നതിൽ ബിജെപിക്ക് ആശയക്കുഴപ്പം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്നതിൽ ബിജെപി നേതൃത്വത്തിന് ആശയക്കുഴപ്പം. ഇന്ന് ഓൺലൈനായി ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. സ്ഥാനാർഥിയെ നിർത്താൻ സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് സൂചന. കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
‘അക്കരപ്പച്ചകണ്ട് ചാടിയ ജനപ്രതിനിധിയുടെ വികലരാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് നിലമ്പൂരിൽ കാണുന്നത്. അല്ലാതെ വോട്ടർമാർ ആഗ്രഹിച്ച തിരഞ്ഞെടുപ്പ് അല്ല. ഇത് അവർക്കു മുകളിൽ കെട്ടിവെച്ചതാണ്. ഒരു വ്യക്തിയുടെ മാത്രം സ്വാർത്ഥ താൽപര്യത്തിന്റെ ഫലമാണ്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏതാനും മാസം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ വരികയാണ്. അതുകൊണ്ടുതന്നെ ആരെങ്കിലും വിജയിച്ചാലും കേരളത്തിന് ഒരു മാറ്റവും സൃഷ്ടിക്കാൻ കഴിയില്ല. ഒരു ഗുണവും ഉണ്ടാവാത്ത തിരഞ്ഞെടുപ്പാണിത്’ – രാജീവ് ചന്ദ്രശേഖറിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു
മത്സരിക്കേണ്ട എന്ന് സംസ്ഥാന നേതൃത്വത്തിന് ഒറ്റക്ക് തീരുമാനിക്കാൻ കഴിയില്ല. ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം കൂടി തേടിയശേഷമാകും അന്തിമ തീരുമാനം. എൻഡിഎ ഘടക കക്ഷികളുമായും ചർച്ചയുണ്ടാകും. മത്സരിക്കാതിരുന്നാൽ ബിജെപിക്ക് നിരവധി ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും.
ഒത്തുകളിയെന്ന് യുഡിഎഫും എൽഡിഎഫും പരസ്പരം ആരോപിക്കും. അതേസമയം, വിജയസാധ്യത ഇല്ലാത്ത മണ്ഡലത്തിൽ മത്സരിച്ച് വോട്ട് ശതമാനം ഉയർത്താൻ കഴിഞ്ഞില്ലെങ്കിൽ പുതിയ അധ്യക്ഷന് ക്ഷീണമാകും. 2021ൽ ബിജെപിയുടെ ടി കെ അശോക് കുമാറിന് 8,595 വോട്ട് മാത്രമാണ് കിട്ടിയത്. ഷോൺ ജോർജ്, നവ്യ ഹരിദാസ് എന്നിവരുടെ പേരുകളാണ് ഇക്കുറി ബിജെപിയുടെ സാധ്യതാ പട്ടികയിൽ ഉയർന്ന് കേൾക്കുന്നത്.