NationalTop News

പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും മകന്‍ തേജ് പ്രതാപ് യാദവിനെ പുറത്താക്കി ലാലു പ്രസാദ് യാദവ്

Spread the love

പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും മകന്‍ തേജ് പ്രതാപ് യാദവിനെ പുറത്താക്കി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. തേജ് പ്രതാപിന്റേത് നിരുത്തരവാദിത്തപരമായ പെരുമാറ്റം ആണെന്നും ഇത് പാര്‍ട്ടിക്കും കുടുംബത്തിനും യോജിച്ചതല്ലെന്നും ലാലുപ്രസാദ് യാദവ് വ്യക്തമാക്കി.

വ്യക്തിജീവിതത്തില്‍ ധാര്‍മ്മിക മൂല്യങ്ങളെ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള നമ്മുടെ കൂട്ടായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും. എന്റെ മൂത്ത മകന്റെ പ്രവൃത്തികള്‍, പൊതു ഇടങ്ങളിലെ ഇടപെടല്‍, ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം എന്നിവ ഞങ്ങളുടെ കുടുംബ തത്വങ്ങള്‍ക്ക് അനുസൃതമല്ല. അതുകൊണ്ട്, ഈ സാഹചര്യത്തില്‍, ഞാന്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കുന്നു. ഇനിമേല്‍ അദ്ദേഹത്തിന് പാര്‍ട്ടിയിലോ കുടുംബത്തിലോ യാതൊരു ചുമതലയും ഉണ്ടായിരിക്കില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ആറു കൊല്ലത്തേക്ക് പുറത്താക്കിയിരിക്കുന്നു – ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. സ്വന്തം ജീവിതത്തില്‍ ശരി തെറ്റുകള്‍ തീരുമാനിക്കാന്‍ അദ്ദേഹത്തിന്് കഴിയും. അദ്ദേഹവുമായി സഹവസിക്കാന്‍ തീരുമാനിക്കുന്നവര്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കണം. പൊതുജീവിതത്തിലെ ഉത്തരവാദിത്തിന് താന്‍ പിന്തുണ നല്‍കാറുണ്ടെന്നും കുടുംബത്തിലെ അംഗങ്ങള്‍ ഈ തത്വം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

12 വര്‍ഷമായി താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം തേജ് പ്രതാപിന്റെ ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. യുവതിക്കൊപ്പമുള്ള ഫോട്ടോയടക്കം പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇത് വിവാദങ്ങള്‍ക്കും വഴിതെളിച്ചു. പിന്നാലെ ഫോസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്നും വ്യക്തമാക്കിക്കൊണ്ട് തേജ് പ്രതാപ് രംഗത്തെത്തി. ചിത്രങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും വാദിച്ചു. ഇതിന് പിന്നാലെയാണ് നടപടി.