KeralaTop News

‘നിലമ്പൂരില്‍ സിപിഐഎം സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ മരുമകന്റെ ഓഫീസ്; പാര്‍ട്ടി സെക്രട്ടറിക്ക് പോലും റോളില്ല’;പി വി അന്‍വര്‍

Spread the love

നിലമ്പൂരില്‍ സിപിഐഎം സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ മരുമകന്റെ ഓഫീസെന്ന് പിവി അന്‍വര്‍. പാര്‍ട്ടി സെക്രട്ടറിക്ക് പോലും ഇതില്‍ റോളില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി എന്ന വ്യക്തി നിലവില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയുടെയും മേലെയാണെന്നും തൊട്ടൊപ്പം നില്‍ക്കുന്നത് അദ്ദേഹത്തിന്റെ മരുമകനാണെന്നും അന്‍വര്‍ പറഞ്ഞു. മരുമകന്റെ ഓഫീസ് തന്നെയാണ് സ്ഥാനാര്‍ഥികളുടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുകയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

കേരളത്തില്‍ സിപിഐഎമ്മിന്റെ എത്ര സെക്രട്ടറിയേറ്റ് മെമ്പര്‍മാരും പൊളിറ്റ്ബ്യൂറോ മെമ്പര്‍മാരും കേന്ദ്ര കമ്മറ്റി അംഗങ്ങളും ഉണ്ടെന്നും എന്തെ ഓരാളെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ സിപിഐഎമ്മിന് ധൈര്യമില്ലാത്തതെന്നും അന്‍വര്‍ ചോദിച്ചു. പിണറായിസത്തോടൊപ്പം നില്‍ക്കുന്ന ഒരാളെ കിട്ടണം. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നവര്‍ സ്വാഭാവികമായും ആ പ്രദേശത്തൊരു നേതാവായി ഉയര്‍ത്തപ്പെടും. അങ്ങനെ ഉയര്‍ത്തപ്പെടുന്ന ഒരു വ്യക്തി പിണറായിയോടൊപ്പം മരുമോന്റെ കൂടെ നില്‍ക്കും എന്നവര്‍ക്ക് ഉറപ്പില്ല. തോറ്റാലും ജയിച്ചാലും പിണറായിയുടെ മരുമോന്റെ കൂടെ നില്‍ക്കുന്ന ഒരാളെ കിട്ടണം. അത് തേടിയുള്ള യാത്രയാണ്. അല്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിയിലൂടെ പോകുന്നവരെ കൈകാണിച്ച് നിര്‍ത്തി സ്ഥാനാര്‍ഥിയാകുമോ എന്ന് ചോദിക്കേണ്ട ഗതികേടൊന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മരുമകനാണിപ്പോള്‍ സ്ഥാനാര്‍ഥിയെ തപ്പിക്കൊണ്ടിരിക്കുന്നത്. മരുമകന്റെ വലംകൈയായിട്ടുള്ളയാളുടെ പേരാണ് അവസാന ഘട്ടത്തില്‍ പോലും ഉയര്‍ന്നു കേള്‍ക്കുന്നത് -പി വി അന്‍വര്‍ പറഞ്ഞു.

നിലമ്പൂരില്‍ നടക്കാന്‍ പോകുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമല്ലെന്നും ഇത് ജനങ്ങളും പിണറായിസവും തമ്മിലുള്ള പോരാട്ടമാണെന്നും പി വി അന്‍വര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയോടൊപ്പം നില്‍ക്കുന്ന യുഡിഎഫിന് അനുകൂലമായ തിരഞ്ഞെടുപ്പ് ഫലം നിലമ്പൂരില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പിണറായി ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നടപടികളും നിലപാടുകളും, രാഷ്ട്രീയമായി കഴിഞ്ഞ കുറേ കാലമായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളും വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പായി മാറും. അതോടൊപ്പം, നിലമ്പൂരിലെ രാഷ്ട്രീയ – സാമൂഹ്യ സാഹചര്യം, ജനജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കഴിഞ്ഞ നാല് വര്‍ഷമായി തടയപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന, കേരളത്തിന്റെ മൊത്തത്തിലുള്ള രാഷ്ട്രീയ പരിഛേദം ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും ഉണ്ടാകുക. ഫലം യുഡിഎഫിന് അനുകൂലമാകും – അദ്ദേഹം വ്യക്തമാക്കി. അന്‍വര്‍ ഇഫക്റ്റ് എന്ന ഒരു ഇഫക്റ്റ് നിലമ്പൂരില്‍ ഇല്ലെന്നും ഇത് ജനങ്ങളുടെ ഇഫക്റ്റ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗവണ്‍മെന്റിനെ സംബന്ധിച്ചുള്ള വിലയിരുത്തല്‍ തന്നെയാണ് ഏതൊരു തിരഞ്ഞടുപ്പുമെന്ന് അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് അങ്ങനെയല്ല എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയേണ്ട ഗതികേടില്‍ പിണറായി ഗവണ്‍മെന്റ് ഉണ്ടെങ്കില്‍ അവര്‍ തോറ്റ് തകര്‍ന്ന് തരിപ്പണമാകുമെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടി. സഖാക്കള്‍ തങ്ങള്‍ക്കെതിരാണെന്ന് അവര്‍ക്കറിയാമല്ലോ? സാധാരണക്കാരായ ജനങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി അങ്ങനെ പറയുന്നത്.