ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കോഴക്കേസ്; ‘ പരാതിക്കാരനെ അവിശ്വസിക്കുന്നില്ല; പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയല്ല ‘; വിജിലന്‍സ് എസ്പി
ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കോഴക്കേസില്‍ പരാതിക്കാരന്‍ അനീഷ് ബാബുവിനെ അവിശ്വസിക്കുന്നില്ലെന്ന് വിജിലന്‍സ് എസ് പി – എസ് ശശിധരന്‍ . പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയാണ് കേസ് എടുത്തത്. ഇഡി ഉദ്യോഗസ്ഥനെ ഉടന്‍ വിളിപ്പിക്കില്ല. ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുന്നത് അനുസരിച്ച് വിളിപ്പിക്കും. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയല്ലെന്നും എസ് പി- എസ് ശശിധരന്‍ പറഞ്ഞു.
അദ്ദേഹം നല്‍കിയിട്ടുള്ള പരാതിയില്‍ പ്രിലിമിനറി വെരിഫിക്കേഷന്‍ നടത്തിയിട്ടുള്ളതാണ്. പരാതി കൃത്യമാണെന്ന് കണ്ടതുകൊണ്ടാണല്ലോ ഇതിലേക്ക് ഇറങ്ങിയത്. കസ്റ്റഡിയുടെ സമയത്ത് പ്രതികള്‍ പൂര്‍ണമായും സഹകരിച്ചു എന്ന് പറയാന്‍ പറ്റില്ല. ജാമ്യം തിരിച്ചടിയല്ല. അങ്ങനെ കരുതേണ്ടതില്ല. ഒരാഴ്ച, ഞായറാഴ്ച ഒഴിച്ച് ബാക്കി ദിവസങ്ങളില്‍ വിജിലന്‍സ് ഓഫീസില്‍ എത്താന്‍ പറഞ്ഞിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇ ഡി ഉദ്യോഗസ്ഥന്‍ മുഖ്യപ്രതിയായ വിജിലന്‍സ് കേസില്‍ പ്രതികള്‍ ഇന്ന് അന്വേഷണം സംഘത്തിന് മുന്നില്‍ ഹാജരാവും. 7 ദിവസം ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇന്നലെയാണ് കേസിലെ പ്രതികളായ വിത്സന്‍, മുകേഷ്, രഞ്ജിത്ത് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചത്. പ്രതികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. തട്ടിപ്പില്‍ ഒന്നാം പ്രതിയായ ED ഉദ്യോഗസ്ഥനും മറ്റ് പ്രതികളും തമ്മിലുകള്‍ ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണം സംഘം.