KeralaTop News

‘കടുവാ സാന്നിധ്യമുള്ള മേഖലയിൽ വനം വകുപ്പിന്റെ സ്ഥിരം സാന്നിധ്യം ഉറപ്പ് നൽകി’; കരുവാരകുണ്ടിലെ നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചു

Spread the love

മലപ്പുറം കാളികാവ് കരുവാരകുണ്ടിൽ കണ്ട കടുവയെ പിടികൂടാത്തതിൽ നടന്ന നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചു. വനം വകുപ്പ് നാട്ടുകാർക്ക് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കടുവാ സാന്നിധ്യമുള്ള മേഖലയിൽ വനം വകുപ്പിന്റെ സ്ഥിരം സാന്നിധ്യം ഉറപ്പ് നൽകി. നൈറ്റ് പെട്രോളിംഗ് ശക്തമാക്കും, സ്ഥിരം ടീമിനെ കരുവാരകുണ്ട് മേഖലയിൽ നിയോഗിക്കും,ഷിഫ്റ്റ് അടിസ്ഥാനത്തിൽ യൂണിറ്റുകളെ നിയോഗിക്കും തുടങ്ങിയ കാര്യങ്ങളും വനം വകുപ്പ് ഉറപ്പ് നൽകി.

കേരളാ എസ്റ്റേറ്റിൽ സൈലന്റ് വാലിയോട് ചേർന്ന പ്രദേശത്തായിരുന്നു കടുവയെ കണ്ടത്. തിരച്ചിലിൽ കടുവയെ നേരിൽ കണ്ടിട്ട് പോലും വെടിവെക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകാത്തതിൽ പ്രതിഷേധം ഉയർന്നത്. പിന്നീട് വനം വകുപ്പ് നടത്തിയ ചർച്ചയ്‌ക്കൊടുവിൽ കരുവാരകുണ്ടിൽ കൂടി വനം വകുപ്പ് ക്യാമ്പ് ചെയ്യുമെന്ന് ഉറപ്പ് നൽകുകയായിരുന്നു.
ആദ്യഘട്ടത്തിൽ കാളികാവ് മേഖലയിൽ മാത്രമായിരുന്നു കടുവാ സാന്നിധ്യം കണ്ടിരുന്നത് പിന്നീട് കരുവാരകുണ്ടിലും കടുവയുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിന് സമീപം നാട്ടുകാർ വനം വകുപ്പിന്റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു.

അതേസമയം, ഇന്നലെ കടുവയെ കണ്ട മദാരിക്കുണ്ട് ഭാഗത്ത് ഇന്നും കടുവ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു.ഡോ അരുൺ സക്കറിയ ഉൾപ്പെടുന്ന സംഘം കടുവയെ ലൊക്കേറ്റ് ചെയ്തെങ്കിലും മയക്കുവെടി വെക്കാനായില്ല .