ഛത്തീസ്ഗഡ് മാവോയിസ്റ്റ് വേട്ട; സിആർപിഎഫ് ജവാന് വീരമൃത്യൂ, ഏറ്റുമുട്ടൽ തുടരുന്നു
ബീജാപൂര്‍: ഛത്തീസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യൂ. ബീജാപൂരിലെ ഏറ്റുമുട്ടലിലാണ് ജവാന്‍ കൊല്ലപ്പെട്ടത്. മറ്റൊരു ജവാന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിവരം.
ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 27 മാവോയിസ്റ്റുകളെയും തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് എകെ-47 ഉള്‍പ്പെടെയുള്ള നിരവധി ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. സര്‍ക്കാര്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് തലവന്‍ ബസവരാജ് ഉള്‍പ്പെടെയുള്ള പിടികിട്ടാപ്പുള്ളികളെയാണ് വധിച്ചത്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റു സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ കൊല്ലപ്പെടുന്നത് ചരിത്രത്തിൽ ആദ്യമാണ്. ബസവരാജു എന്നറിയപ്പെടുന്ന നമ്പല കേശവറാവു ആന്ധ്ര ശ്രീകാകുളം സ്വദേശിയാണ്. എൻ ഐ എയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലെ പ്രമുഖനാണ് മരിച്ചത്. മാവോയിസ്റ്റ് പാർട്ടി ഘടനയിലെ ഏറ്റവും മുതിർന്ന കമാൻഡറായ ബസവരാജു സുരക്ഷാസേനയ്ക്കും സാധാരണക്കാർക്കും നേരെ നടത്തിയ നിരവധി ആക്രമണങ്ങളിലൂടെയാണ് സംഘടന തലപ്പത്തേക്ക് ഉയർന്നത്.
2018ൽ സിപിഐ മാവോയിസ്റ്റിൻറെ ജനറൽ സെക്രട്ടറിയായി. 2010 ൽ 74 സി ആർ പി എഫ് ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തിന്റെ സൂത്രധാരനും തലവനും ബസവരാജു ആയിരുന്നു. 2019 ൽ 15 കമാൻഡോകൾ വീരമൃത്യു വരിച്ച മറ്റൊരു ആക്രമണത്തിന്റെ സൂത്രധാരനും ബസവരാജു ആയിരുന്നു. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ബസവരാജു കൊല്ലപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്നലെ സ്ഥിരീകരിച്ചു. ബസവ രാജുവിനു പുറമെ 27 മാവോയിസ്റ്റുകളെയാണ് ഇന്ന് നടന്ന ഏറ്റുമുട്ടലിൽ സുരക്ഷ സേന വധിച്ചത്. ഇവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരവും കണ്ടെടുത്തു.