സംസ്ഥാനത്തെ ദേശീയ പാതകളിൽ വിള്ളൽ; കുപ്പത്ത് നാട്ടുകാരുടെ പ്രതിഷേധം
കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം വ്യാപക മണ്ണിടിച്ചിലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. തളിപ്പറമ്പ് കുപ്പത്താണ് സംഭവം. ദേശീയപാതയിൽ നിന്നുള്ള മണ്ണ് വീടുകളിലേക്ക് വ്യാപകമായി എത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. കളക്ടർ എത്തുന്നതുവരെ വാഹനങ്ങൾ തടയുമെന്ന് നാട്ടുകാർ പറഞ്ഞു. റോഡിൽ കുത്തിയിരുന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പിന്നീട് ജില്ലാ കളക്ടർ സ്ഥലത്ത് എത്താമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
കൂരിയാട്ടെ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ദേശീയപാതയിൽ കൂടുതൽ ഇടങ്ങളിൽ വിള്ളൽ രൂപപ്പെടുന്നത്.മമ്മാലിപ്പടിയിൽ പാലത്തിൽ ആണ് ഇന്ന് വിള്ളൽ കണ്ടെത്തിയത്.അധികൃതർ പരിശോധന നടത്തിയാലെ അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കാനാകൂ.
അതേസമയം, മണ്ണിടിഞ്ഞ് കൊല്ലം ചവറ പാലത്തിന്റെ വശത്തെ കോൺക്രീറ്റ് ഭിത്തി അടർന്നുവീണു. പാലത്തിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിനായി മണ്ണെടുത്തു മാറ്റിയതാണ് അപകടത്തിനിടയാക്കിയത്. ദേശീയ പാത നിർമാണം ചവറയിൽ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. സമീപത്തെ മണ്ണൊലിച്ചുപോയി പാലത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുവീഴുകയായിരുന്നു.
പാലത്തിന്റെ ഒരുഭാഗത്തെ കോൺക്രീറ്റിലുണ്ടായ വിള്ളൽ മഴപെയ്തതോടെ വലുതായി. പഴയ പാലത്തിൻ്റെ വശങ്ങളിലെ മണ്ണ് ഇടിഞ്ഞ് താണു. പുതിയ പാലത്തിൻ്റെ നിർമാണത്തിന് മുൻപ് പഴയ പാലത്തിൻ്റെ ഇരു ഭാഗത്തെയും മണ്ണ് എടുത്തു മാറ്റിയിരുന്നു. എന്നാൽ പഴയ പാലം ദേശീയ പാത നിർമാണ കരാർ ഏറ്റെടുത്ത കമ്പിനി ബലപ്പെടുത്തിയില്ല. ഇതാണ് മണ്ണ് ഇടിഞ്ഞ് താഴാൻ ഇടയാക്കിയത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാലത്തിലൂടെയുള്ള യാത്ര ഇതോടെ അപകടം നിറഞ്ഞതായി മാറി.നിർമാണം നടക്കുന്ന ദേശീയപാത 66 ൽ തൃശൂർ ചാവക്കാട് മണത്തലയിൽ മേൽ പാലത്തിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. അമ്പതോളം മീറ്റർ ദൂരത്തിൽ വിള്ളൽ ഉണ്ടായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫിൻ്റെ നേതൃത്വത്തിൽ ചാവക്കാട് റോഡ് ഉപരോധിച്ചു. ഇടപ്പള്ളി കുതിരാൻ ദേശീയപാതയിൽ അടിപ്പാത നടക്കുന്ന മേഖലകളിൽ ഗതാഗത കുരുക്കും രൂക്ഷമാണ്.
മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസിയാണ് വിള്ളൽ രൂപപ്പെട്ടത് കണ്ടത്. നിർമാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ഇതോടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.