NationalTop News

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വേട്ട; അന്വേഷണ ഏജന്‍സി ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന നേതാവിനെ ഉള്‍പ്പെടെ വധിച്ചു

Spread the love

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വേട്ട. സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ബസവ രാജു ഉള്‍പ്പെടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. 2026 മാര്‍ച്ച് 31 മുന്‍പ് നക്‌സലിസം പൂര്‍ണമായും മോദി സര്‍ക്കാര്‍ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.

ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. അന്വേഷണ ഏജന്‍സി തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെ ഏറ്റുമുട്ടലില്‍ 27 മാവോയിസ്റ്റുകളെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മാവോയിസ്റ്റ് നേതാക്കള്‍ അടക്കം വനമേഖലയില്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സുരക്ഷാസേന തിരച്ചില്‍ നടത്തിയത്. നക്‌സലിസത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ മൂന്ന് പതിറ്റാണ്ടിനിപ്പുറം ഇത് ആദ്യമായാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള നേതാവിനെ വധിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. നക്‌സല്‍ വിരുദ്ധ നടപടിയായ ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റിന്റെ ഭാഗമായി ഛത്തീസ്ഗഡ് മഹാരാഷ്ട്ര തെലുങ്കാന എന്നിവിടങ്ങളില്‍ നിന്ന് ഇതിനോടകം 54 മാവോയിസ്റ്റുകള്‍ ആണ് അറസ്റ്റിലായത്. 84 മാവോയിസ്റ്റുകള്‍ കീഴടങ്ങി.