KeralaTop News

കല്യാണിക്ക് വിട നൽകി നാട്; നാല് വയസുകാരിയുടെ സംസ്കാരം പൂർത്തിയായി

Spread the love

അമ്മ പുഴയിലെറിഞ്ഞ് കൊന്ന എറണാകുളം തിരുവാങ്കുളത്തെ കല്യാണിക്ക് നൊമ്പരത്തോടെ വിട നൽകി നാട്. നൂറു കണക്കിനാളുകളാണ് കല്യാണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വൈകിട്ട് തിരുവാണിയൂർ പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു സംസ്കാരം. കല്യാണിയുടെ ചേതനയറ്റ ശരീരം മറ്റക്കുഴിയിലെ വീട്ടിലെത്തിച്ചപ്പോൾ അവിടമൊരു സങ്കടക്കടലായി മാറി. കല്യാണിയെ അവസാനമായി കാണാൻ നാടൊന്നാകെ ഒഴുകിയെത്തി.

പോസ്റ്റുമോർട്ടത്തിന് ശേഷം അച്ഛൻ സുഭാഷിന്റെ വീട്ടിലാണ് കല്യാണിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചത്. കല്യണിക്ക് വിട നൽകാൻ അങ്കണവാടിയിലെ കൂട്ടുകാരും ടീച്ചർമാരും എത്തിയത് വൈകാരിക രംഗമായി. തിരുവാണിയൂരിലെ പൊതുശ്മശാനത്തിൽ വൈകിട്ട് അഞ്ചിനായിരുന്നു സംസ്കാരം.

എട്ട് മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ പുലർച്ചെ 2.20നാണ് മൂഴിക്കുളത്ത് ചാലക്കുടിപ്പുഴയിൽ നിന്നാണ് കല്യാണിയുടെ മൃതദേഹം കണ്ടെടുത്തത്. അങ്കണവാടിയിൽ നിന്നും കൂട്ടിക്കൊണ്ടുപോയ അമ്മ സന്ധ്യ കല്യാണിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. അമ്മ സന്ധ്യ കുറ്റം സമ്മതിച്ചെന്ന് ആലുവ റൂറൽ എസ്പി എം ഹേമലത പറ‍ഞ്ഞു. എന്നാൽ കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനുണ്ട്. അടുത്ത ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്ന് റൂറൽ എസ്പി വ്യക്തമാക്കി.