NationalTop News

‘മകൾ പാകിസ്താനിലേക്ക് പോയത് വിഡിയോ ഷൂട്ട് ചെയ്യാൻ, പിടിച്ചുവെച്ച ലാപ്ടോപ്പും ഫോണുകളും തിരിച്ചുതരണം’;ചാരപ്രവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ പിതാവ്

Spread the love

തന്റെ മകൾ പാകിസ്താൻ സന്ദർശിച്ചത് യൂട്യൂബിനായി വിഡിയോകൾ ഷൂട്ട് ചെയ്യാനെന്ന് അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ പിതാവ് ഹാരിസ് മൽഹോത്ര. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു പിതാവിന്റെ പ്രതികരണം. പൊലീസ് പിടിച്ചെടുത്ത ഫോണുകൾ തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് തങ്ങളുടെ ലാപ്ടോപ്പും ഫോണുകളും എല്ലാം പിടിച്ചുവെച്ചിരിക്കുകയാണെന്നും മകൾ പാകിസ്താനിലേക്ക് പോയത് എല്ലാ അനുമതിയോടും കൂടിയാണെന്നും പിതാവ് പറഞ്ഞു.

തന്റെ മകൾ വീഡിയോ ഷൂട്ട് ചെയ്യാനായി പാകിസ്താനിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകാറുള്ളതാണ്. എല്ലാ അനുമതിയും എടുത്ത ശേഷമായിരിക്കും ഇങ്ങനെ പോകുക. അവിടെ മകൾക്ക് സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ വിളിച്ചാൽ എന്താണ് പ്രശ്നം എന്നും പിതാവ് ചോദിച്ചു. മറ്റൊന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല എന്നും പിടിച്ചുവെച്ച ഫോണുകളും മറ്റും തിരിച്ചുതരണമെന്നും പിതാവ് പറഞ്ഞു.

ഇവർ പാകിസ്താൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.’ട്രാവൽ വിത്ത് ജോ” എന്നാണ് ജ്യോതി മൽഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. 2023-ൽ ജ്യോതി പാകിസ്താൻ സന്ദർശിച്ചതായും അവിടെ വെച്ച് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്

ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് കേന്ദ്ര സർക്കാർ ഡാനിഷിനെ 2025 മെയ് 13-ന് പദവിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. നിരവധി പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് ജ്യോതിയെ ഡാനിഷ് പരിചയപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ അവർ പങ്കുവെച്ചതായും സോഷ്യൽ മീഡിയ പാകിസ്താനെക്കുറിച്ചുള്ള പ്രതിച്ഛായ പ്രദർശിപ്പിക്കാൻ സജീവമായി ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു.