ട്രംപിന്റെ ഉപദേശക സമിതിയില്‍ തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടായിരുന്ന മൂന്നുപേരെന്ന് റിപ്പോര്‍ട്ട്; പിന്നാലെ വിവാദം
അമേരിക്കയിലെ വൈറ്റ് ഹൗസ് ഉപദേശകസമിതിയില്‍ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന മൂന്നുപേര്‍ ഉള്‍പ്പെട്ടതില്‍ വിവാദം. രണ്ട് മുന്‍ ജിഹാദിസ്റ്റുകളും ലഷ്‌കര്‍ ഈ ത്വയിബയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത ഒരാളും ട്രംപിന്റെ ഉപദേശകസമിതിയില്‍ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൊരാള്‍ കശ്മീരില്‍ ചില ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്
ട്രംപിന്റെ വിശ്വസ്തനായ ലോറ ലൂമറാണ് ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇസ്മയില്‍ റോയര്‍ക്കും ഷെയ്ഖ് ഹംസ യൂസഫിനും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചത്. ഇസ്മയില്‍ റോയര്‍ പാകിസ്താനിലെ ലഷ്‌കര്‍ ഇ ത്വയിബ പരിശീലന ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ടെന്നും കശ്മീരില്‍ ചില ഭീകരരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചില തെളിവുകളും ലോറ ലൂമര്‍ എക്‌സിലൂടെ പങ്കുവച്ചിട്ടുണ്ട്.
റെന്‍ഡല്‍ റോയര്‍ എന്നാണ് ഇസ്മയില്‍ റോയറുടെ യഥാര്‍ത്ഥ പേരെന്നും ഇയാള്‍ 2000ല്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നുമാണ് ലോറ പറയുന്നത്. ചില തീവ്രവാദ ബന്ധങ്ങളുടെ പേരില്‍ 200ല്‍ എഫ്ബിഐ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ലോറ പറഞ്ഞു. ആയുധങ്ങള്‍ കൈയില്‍ വച്ചതിന് 2004ല്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. യുഎസിലെ ആദ്യത്തെ അംഗീകൃത മുസ്ലീം ലിബറല്‍ ആര്‍ട്സ് കോളേജായ സൈതുന കോളേജിന്റെ സഹസ്ഥാപകനും ബെര്‍ക്ക്ലിയിലെ ഗ്രാജുവേറ്റ് തിയോളജിക്കല്‍ യൂണിയനിലെ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസിന്റെ ഉപദേഷ്ടാവുമായ ഷെയ്ഖ് ഹംസ യൂസഫിനും ജിഹാദിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നും ലോറ ആരോപിച്ചു.