NationalTop News

പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം; യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് കുരുക്കായത് സ്വന്തം വീഡിയോകൾ

Spread the love

പാകിസ്താന് വേണ്ടി ചാരപ്രവർത്തി നടത്തിയിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് കുരുക്കായത് സ്വന്തം വീഡിയോകൾ തന്നെ. പാകിസ്താൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ ജ്യോതി യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. ഇയാളെ ചാരപ്രവർത്തി ആരോപിച്ച് ഇന്ത്യ പുറത്താക്കുകയും ചെയ്തതാണ്. യൂട്യൂബ് ചാനലിൻറെ ഭാഗമായി കേരളത്തിലടക്കം ജ്യോതി എത്തിയിരുന്നു.

പാകിസ്താനിൽ പലവട്ടം പോയിട്ടുള്ള യൂട്യൂബറാണ് ജ്യോതി മൽഹോത്ര. ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷ് എന്നയാളുമായി ജ്യോതിക്ക് അടുത്ത ബന്ധമുണ്ട്. ഹൈക്കമ്മീഷനിൽ നടത്തിയ ഇഫ്താർ പാർട്ടിയിൽ അതിഥിയായി ജ്യോതി എത്തുന്നതും ഡാനിഷ് അടുപ്പത്തോടെ പെരുമാറുന്നതും മറ്റൊരു വീഡിയോയിൽ കാണാം.

പാകിസ്താനിലേക്കുള്ള യാത്രയ്ക്കുള്ള വിസ അടക്കം തയ്യാറാക്കിയത് ഡാനിഷ് വഴിയാണെന്നാണ് വിവരം. 2023ൽ പാകിസ്താൻ സന്ദർശനങ്ങളിൽ ഇയാളും ഒപ്പമുണ്ടായിരുന്നതായി കണ്ടെത്തി. പാക് ചാര സംഘടനയിലെ ഏജൻറുമാർക്ക് ജ്യോതിയെ പരിചയപ്പെടുത്തി നൽകിയതും ഡാനിഷ് ആണെന്നാണ് സംശയിക്കുന്നത്. ജ്യോതിയുടെ യൂട്യൂബ് വീഡിയോകൾ തന്നെയാണ് അന്വേഷണം ഏജൻസികൾക്ക് സംശയങ്ങൾ ഉണ്ടാക്കിയത്. പിന്നാലെ മാസങ്ങളായി ജ്യോതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു . കേരളത്തിലും വ്ലോഗിങ്ങിൻറെ ഭാഗമായി ജ്യോതി എത്തിയിട്ടുണ്ട്. കോഴിക്കോടും ആലപ്പുഴയും മൂന്നാറുമടക്കം വിവിധ സ്ഥലങ്ങളുടെ വീഡിയോയും യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. ചാരപ്രവർത്തി ആരോപിച്ച് ഹരിയാനയിൽ രണ്ടാഴ്ചയ്ക്കിടെ ഒമ്പത് പേരാണ് അറസ്റ്റിലായത്.