ഞൊടിയിടയിൽ റോഡ് ഇടിഞ്ഞു താഴ്ന്നു; കുഴിയിൽ വീണ് കാർ, സംഭവം ചെന്നൈയിൽ
ചെന്നൈ തരമണിയിൽ റോഡിൽ പെട്ടെന്നുണ്ടായ ഗർത്തത്തിലേക്ക് കാർ മറിഞ്ഞു. അഞ്ചംഗസംഘം സഞ്ചരിച്ച കാറാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ വൈകിട്ട് ആറരയോടെയാണ് തരമണിലെ ഒഎംആർ സാലെയിൽ അപകടം ഉണ്ടാകുന്നത്. TN 14 V 4911 സ്വിഫ്റ്റ് കാർ തൊട്ടടുത്ത് സിഗ്നലിൽ നിർത്തിയിടുമ്പോഴും ഇങ്ങനെയൊരു ഗർത്തം റോഡിൽ ഉണ്ടായിരുന്നില്ല.
കാർ മുന്നോട്ട് വന്നതും ഗർത്തമുണ്ടായതുമെല്ലാം ഒരുമിച്ചായിരുന്നു. കാർ നേരെ ഗർത്തത്തിലേക്ക് ഇറങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതിരുന്ന നാട്ടുകാർ ആദ്യം ബഹളം വച്ചു. തൊട്ടുപിന്നാലെ പൊലീസ് എത്തി. കാറിലുണ്ടായിരുന്ന അഞ്ചുപേരെയും രക്ഷപെടുത്തി. പിന്നാലെ തകർന്ന കാർ ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുത്തു. മലിനജല പെപ്പിലുണ്ടായ ചോർച്ചമൂലമാകാം ഗർത്തമുണ്ടായതെന്നാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ വിശദീകരണം. തൊട്ടടുത്ത് മെട്രോ രണ്ടാം ഘട്ടത്തിന്റ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി.