KeralaTop News

കാസർഗോഡ് 17കാരിയുടെ തിരോധാന കേസിൽ 15 വർഷത്തിന് ശേഷം പ്രതി പിടിയിൽ

Spread the love

കാസർഗോഡ് എണ്ണപ്പാറയിലെ 17കാരിയുടെ തിരോധാന കേസിൽ 15 വർഷത്തിന് ശേഷം പ്രതി പിടിയിൽ. പാണത്തൂർ സ്വദേശി ബിജു പൗലോസ് ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.

ഇന്നലെ രാത്രിയാണ് കർണാടകത്തിലെ ജോലിസ്ഥലത്ത് വച്ച് ബിജു പൗലോസിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നും, കുട്ടി മരിച്ചെന്നും ഇയാൾ അന്വേഷണസംഘത്തോട് സമ്മതിച്ചു. ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ബിജു പൗലോസ് കുറ്റം സമ്മതിച്ചത്. 2011 സെപ്റ്റംബറിൽ കാസർഗോഡ് കടപ്പുറത്തുനിന്ന് ലഭിച്ച അജ്ഞാത മൃതദേഹവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധന നടത്തിയത് കേസിൽ നിർണായകമായി. ഇതിനൊപ്പം ലഭിച്ച പാദസരം ബന്ധുവായ യുവതി പെൺകുട്ടി ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് മുൻപ് ബേക്കൽ ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ പ്രതിപട്ടികയിൽ ഉണ്ടായിരുന്ന ബിജു പൗലോസിലേക്ക് ക്രൈംബ്രാഞ്ചിനെയും എത്തിച്ചത്.

നേരത്തെ ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ബിജു പൗലോസിന് എതിരായിരുന്നെങ്കിലും മൊഴിയിലെ വൈരുദ്ധ്യം കാരണം ഇയാളെ അറസ്റ്റ് ചെയ്തില്ല. കുടുംബം ഹൈക്കോടതിയെ സമീപിച്ചതും, കേസിൽ ദളിത് സംഘടനയായ കേരള പട്ടികജന സമാജം നടത്തിയ ഇടപെടലും നിർണായകമായി.

ബിജു പൗലോസ് പെൺകുട്ടിയുമായി താമസിച്ച മഡിയനിലെയും, വടകര മുക്കിലെയും വാടക ക്വാട്ടേഴ്സുകളിൽ അന്വേഷണസംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ കടത്തിക്കൊണ്ടു വന്നതും ബലാത്സംഗം ചെയ്തതും ഇയാൾ ഒറ്റയ്ക്കല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കുട്ടിയുടെ മരണം ആത്മഹത്യയാണോ കൊലപാതകം ആണോ എന്ന കാര്യത്തിലും ഇനി വ്യക്തത വരേണ്ടതുണ്ട്.