NationalTop News

അതിജീവിതയെ വിവാഹം കഴിക്കാമെന്ന് ബലാത്സംഗക്കേസിലെ പ്രതി; പൂക്കള്‍ കൈമാറി വിവാഹാഭ്യര്‍ത്ഥന; സമ്മതിച്ച് യുവതി; സുപ്രിംകോടതിയില്‍ നാടകീയ രംഗങ്ങള്‍

Spread the love

ഒരു ബലാത്സംഗക്കേസിലെ വാദവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ ഇന്നലെ നടന്നത് അസാധാരണ നാടകീയരംഗങ്ങള്‍. ബലാത്സംഗക്കേസില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി അതിജീവിതയെ വിവാഹം കഴിക്കാന്‍ കോടതിയില്‍ താത്പര്യം പ്രകടിപ്പിക്കുകയും പൂക്കള്‍ നല്‍കി വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. പിന്നാലെ അതിജീവിത വിവാഹത്തിന് സമ്മതം മൂളി.

അതിജീവിതയും പ്രതിയും വിവാഹത്തിന് പൂര്‍ണസമ്മതം അറിയിച്ചതിന് പിന്നാലെയാണ് ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും സതീഷ് ചന്ദ്ര ശര്‍മയും പുഷ്പങ്ങള്‍ കൈമാറാന്‍ ഇരുവരോടും ആവശ്യപ്പെട്ടത്. ഇതിനെ കോടതി കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തു. മദ്രാസ് കോടതി വിധിച്ച ശിക്ഷയിലും സുപ്രിംകോടതി ഇളവുചെയ്തു.

2021ലാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. തന്നെ 2016 മുതല്‍ യുവാവ് നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. പ്രതിയുടെ സഹോദരിയുടെ കൂട്ടുകാരിയാണ് പീഡനത്തിനിരയായത്. ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.
വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ച ശേഷം ഇയാള്‍ അമ്മ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ കേസിലാണ് ഇയാള്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പിന്നീട് ഇതിനെതിരെ യുവാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷയില്‍ ഇളവ് ലഭിച്ചില്ല. ഉച്ചയ്ക്ക് മുന്‍പുള്ള സെഷനില്‍ ഇരുവരും സംസാരിച്ചത് പ്രകാരം ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ വിവാഹത്തിന് രണ്ടുപേരും സമ്മതം മൂളുകയായിരുന്നു.